
ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് നേരിട്ട തിരിച്ചടികളില്‍ നിന്നും കരകയറാനുള്ള നീക്കത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ജില്ലാ, നഗര, ബ്ലോക്ക് കമ്മിറ്റികളെ പിരിച്ചുവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. 2027 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
2019ലെയും 2024ലെയും ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന്റെ പ്രകടനം നിരാശാജനകമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സ്ഥാനാര്‍ത്ഥിയെ പോലും മത്സരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. പകരം ഇന്‍ഡ്യാസഖ്യത്തിലെ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയുമാണ് ചെയ്തത്.
പ്രദേശിക തലത്തില്‍ പാര്‍ട്ടിയുടെ അടിത്തറ മെച്ചപ്പെടുത്തുകയും സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുകയുമാണ് ഖാർഗെയുടെ ലക്ഷ്യം. ഉത്തർപ്രദേശിൽ പാർടിയുടെ തിരിച്ചുവരവിന് ഇത്തരമൊരു നീക്കം അത്യന്താപേക്ഷിതമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ജാതി സമവാക്യങ്ങൾ കണക്കിലെടുത്ത് പാർടിയെ പുനഃസംഘടിപ്പിക്കുന്നതിലാകും കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞ മാസം ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും അതിന്റെ കീഴിലുള്ള യൂണിറ്റുകളും പിരിച്ചുവിട്ടിരുന്നു.






