
ഷാര്‍ജ: അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍. ശ്രീലങ്കയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 21.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 36 പന്തില്‍ 67 റണ്‍സെടുത്ത പതിമൂന്നുകാരന് വൈഭവ് സൂര്യവന്‍ശിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി വൈഭവും ആയുഷ് മാത്രെയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.3 ഓവറില്‍ 91 റണ്‍സടിച്ചു. 36 പന്തിൽ അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും സഹിതം 186 സ്ട്രൈക്ക് റേറ്റിൽ 67 റൺസെടുത്ത ഇടംകയ്യൻ താരം ലങ്കയുടെ 173 റൺസ് പിന്തുടരുന്നതിൽ നിർണായക പങ്കുവഹിച്ചു. ലങ്കൻ ബൗളർമാരുടെ പിക്ക് പ്രവീൺ മനീഷയാണ് ഒടുവിൽ അദ്ദേഹത്തെ ബൗൾഡാക്കിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ ശർമയാണ് എറിഞ്ഞിട്ടത്. കിരണ്‍ ചോര്‍മാലെ, ആയുഷ് മാത്രെ എന്നിവര്‍ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 69 റണ്‍സെടുത്ത ലാക്വിൻ അഭയസിംഗെ ആണ് ശ്രീലങ്കയുടെ ടോപ് സ്കോറര്‍. ഷാരുജന്‍ ഷൺമുഖനാഥൻ 42 റണ്‍സെടുത്തു. പാകിസ്ഥാന്-ബംഗ്ലാദേശ് സെമി ഫൈനല്‍ വിജയികളെയാണ് ഇന്ത്യ ഫൈനലില്‍ നേരിടുക. ഞായറാഴ്ച ദുബായിലാണ് ഫൈനല്‍.



