
തിരുവനന്തപുരം: പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഇന്ദുജയുടെ മരണം അങ്ങേയറ്റം ദുഃഖകരമെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കേസിൽ നിരവധി ദുരൂഹതകൾ ഉണ്ടെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. ജില്ലയിൽ അസ്വാഭാവിക മരണങ്ങള് കൂടുകയാണ്. ജനലിന് പെൺകുട്ടിയുടെ ഉയരം പോലുമില്ല. അതിൽ കുടുംബത്തിന് സംശയമുണ്ട്. സംഭവത്തിൽ നിരവധി ദുരൂഹതകളുണ്ട്. നീതി ലഭ്യമാക്കാൻ സർക്കാർ ഇടപെടണം. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണ്.അടിയന്തരമായി നിയമ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ആദിവാസി മേഖലകളിൽ യുവതികളുടെ അസ്വഭാവിക മരണങ്ങൾ നിരവധിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ദുരൂഹതകൾ അവശേഷിക്കുകയാണ്. വനവാസി മേഖലകളിൽ ജീവിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കാൻ സർക്കാർ തയ്യാറാകണം. നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ല. അതിനാൽ വനവാസികളുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര നിയമ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് വി മുരളീധരൻ പറഞ്ഞു.






