
ലഖ്നൗ: രാഷ്ട്രീയത്തില് പ്രവേശിച്ചത് ജനങ്ങളെ പറ്റിച്ച് പണമുണ്ടാക്കാനാണെന്ന് തുറന്ന് പറഞ്ഞ് ഉത്തര്പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്ത്ഥി ഗോപാല് ചൗധരി. പണം സമ്പാദിക്കാമെന്നതാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന് തന്നെ പ്രേരിപ്പിച്ചത്. തെരഞ്ഞെടുക്കപ്പെട്ടാല് എം.എല്.എയ്ക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ലഭിക്കുമല്ലോ എന്നും ചൗധരി ചോദിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി 125 കോടി ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുകയാണെന്ന് ചൗധരി ആരോപിച്ചു. 125 കോടി ജനങ്ങളെ വഞ്ചിച്ച് ഒരാള്ക്ക് പ്രധാനമന്ത്രിയാകാന് സാധിച്ചുവെങ്കില് അദ്ദേഹത്തിന് എന്തെങ്കിലും കഴിവ് ഉണ്ടാകും. അദ്ദേഹത്തിന്റെ പാതയാണ് ഞാനും പിന്തുടരുന്നത്. വോട്ട് വാങ്ങി എങ്ങനെ ജനങ്ങളെ പറ്റിക്കാമെന്നാണ് താനിപ്പോള് ചിന്തിക്കുന്നതെന്നും ചൗധരി വാര്ത്താ ഏജന്സിയോട് പറഞ്ഞു.
സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് എല്ലാവരും രാഷ്ട്രീയത്തില് ഇറങ്ങുന്നതെന്ന് ചൗധരി പറഞ്ഞു. അത് തന്നെയാണ് താനും ചെയ്യുന്നത്. രാഷ്ട്രീയത്തില് മുന്പരിചയമില്ല. എം.എല്.എ ആയി തെരഞ്ഞെടുക്കപ്പെട്ടാല് എങ്ങനെ പണം സമ്പാദിക്കണമെന്ന അറിയില്ല. തെരഞ്ഞെടുക്കപ്പെട്ടാല് അക്കാര്യങ്ങള് അധികൃതര് പഠിപ്പിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നതായും ചൗധരി പറഞ്ഞു. ആഗ്ര സൗത്ത് മണ്ഡലത്തിലാണ് ചൗധരി മത്സരിക്കുന്നത്.







Comments