
കൊച്ചി: കെ.എസ്.ആര്.ടി.സിയില്‍ എല്ലാ ബസുകള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല. കോര്പറേഷന് ആകെയുള്ള ബസുകള്‍ 5533. ഇതില്‍ 2346 ബസുകള്‍ക്കാണ് മോട്ടോര്‍ വാഹന നിയമപ്രകാരം ഇന്‍ഷുറന്‍സുള്ളത്. അവശേഷിക്കുന്ന 2187 ബസുകള്‍ക്ക് ഇന്‍ഷുറന്‍സ് ഇല്ല. 1902 കെ.എസ്.ആര്.ടി.സി. ബസുകളും 444 കെ സ്വിഫ്റ്റ് ബസുകള്‍ക്കുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്.
ഓടുന്ന എല്ലാ ബസുകള്‍ക്കും മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള ഫിറ്റ്നസുണ്ട്. ആം ആദ്മി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജയദേവ് നല്കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്. നിരത്തില്‍ ഓടുന്ന എല്ലാ കെ.എസ്.ആര്.ടി.സി. ബസുകളും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു. ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാരനു നഷ്ടപരിഹാരം കിട്ടുന്നതു നിയമക്കുരുക്കിലാകാനും ഇടയുണ്ട്.
എന്നാല്‍, അപകടത്തില്‍പ്പെട്ടവര്‍ക്ക് 2015 ലെ കെ.എസ്.ആര്.ടി.സി. പദ്ധതി പ്രകാരം വ്യക്തിപര അപകട സമൂഹ ഇന്‍ഷുറന്‍സ് ഉള്ളതായി രേഖയില്‍ മറുപടിയുണ്ട്. മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലിന്റെ നഷ്ടപരിഹാരവും അപകടത്തില്‍പ്പെടുന്നവര്‍ക്കു ലഭ്യമാക്കുന്നുണ്ടെന്നും മറുപടിയില്‍ പറയുന്നു.






