
ഡമാസ്കസ്: 'പാവപ്പെട്ടവന്റെ കൊക്കെയ്ന്‍' എന്നറിയപ്പെടുന്ന ക്യാപ്ടഗണ് ഗുളികകള്‍ വഴി ബാഷര്‍ അല്‍ അസദിന്റെ കുടുംബം കോടികള്‍ കൊയ്തതായി റിപ്പോര്‍ട്ട്. സിറിയയുടെ തീരപ്രദേശങ്ങളിലെ പ്രധാന ക്യാപ്ടഗോണ് ഫാക്ടറികള്‍ വിമതസേന പിടിച്ചതോടെയാണു ഗുളിക നിര്‍മാണത്തെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്. ഇതോടെ സിറിയയില്‍ ക്യാപ്ടഗോണ് ഉത്പാദനം തടസപ്പെട്ടു.
പ്രസിഡന്റ് സ്ഥാനത്തെത്തും മുമ്പ് നേത്രരോഗ വിദഗ്ധനായിരുന്നു അസദ്. ക്യാപ്ടഗോണ് ഗുളികയ്ക്ക് 10 രൂപയില്‍ താഴെയാണ് ഉത്പാദനച്ചെലവ്. ആയിരക്കണക്കിനു രൂപയ്ക്കാണു വില്പന. അവയുടെ വിത്പനയിലൂടെ മെക്സിക്കോയിലെ കാര്ട്ടലുകളേക്കാള് ലാഭമാണ് അസദ് കുടുംബം സ്വന്തമാക്കിയിരുന്നത്. മയക്കുമരുന്ന് ഒഴുക്ക് കുറഞ്ഞതായി ജോര്‍ദാനും സ്ഥിരീകരിച്ചിട്ടുണ്ട്.
എങ്കിലും ലെബനനില്‍ ഇപ്പോഴും ക്യാപ്ടഗണ് നിര്‍മിക്കുന്നുണ്ട്. ഇറാന് പിന്തുണയുള്ള ഹിസ്ബുള്ളയുടെയാണു നിര്‍മാണം. 2021 ല്‍, കാപ്റ്റഗോണിന്റെ വില്‍പ്പനയില്‍നിന്ന് അസദ് കുടുംബം 42,000 കോടിയിലേറെ സമ്പാദിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. എ.ഡി.എച്ച്.ഡി, നാര്‍കോലെപ്സി, വിഷാദം എന്നിവയ്ക്കുള്ള ചികിത്സയായി 1961 ല്‍ ജര്‍മ്മന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡെഗുസ എ.ജിയാണ് ഈ ഗുളിക വികസിപ്പിച്ചത്.
എന്നാല്‍ ഊര്‍ജം, ജാഗ്രത, ഉന്മേഷം എന്നിവ ലഭിക്കുന്നതിനുള്ള വിലകുറഞ്ഞതും വേഗത്തിലുള്ളതുമായ മാര്‍ഗമാണ് ടാബ് ലെറ്റ് എന്ന് പിന്നീട് കണ്ടെത്തി. ഇതോടെ ഭീകരര്‍ക്ക് ഈ ഗുളിക ഏറെ പ്രിയമായി. ഒക്ടോബര്‍ 7 ലെ ആക്രമണം നടത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് പോരാളികള്‍ കാപ്റ്റഗണ്‍ കഴിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ അവകാശപ്പെട്ടിരുന്നു.
ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ അന്വേഷണത്തില്‍ സിറിയയുടെ മരുന്നിന്റെ ഉത്പാ-ദ-നത്തിന്റെയും വിതരണത്തിന്റെയും ഭൂരിഭാഗവും സിറിയന്‍ അറബ് ആര്‍മിയുടെ 'ക്യാപ്ടഗണ് ഡിവിഷന്' എന്ന് വിളിപ്പേരുള്ള നാലാം കവചിത വിഭാഗമാണ് മേല്‍നോട്ടം വഹിച്ചതെന്ന് കണ്ടെത്തി.
ഇറാഖ് പോലുള്ളവയില്‍നിന്ന് ക്യാപ്ടഗണ് നിര്‍മാണ കേന്ദ്രങ്ങളിലേക്ക് അസംസ്കൃത വസ്തുക്കള്‍ കൊണ്ടുവരുന്നതിലും ബ്രിഗേഡ് പ്രധാന പങ്ക് വഹിച്ചു. ക്യാപ്ടഗോണ് വിതരണത്തിന്റെ മേല്‍നോട്ടം ബാഷര്‍ അല്‍ അസദിന്റെ സഹോദരന് മഹേര്‍ അല്‍ അസദ് ആയിരുന്നു.
മയക്കുമരുന്നിന്റെ ആഗോള വിതരണത്തിന്റെ 80 ശതമാനവും സിറിയയില്‍നിന്നാണ്. മരുന്നിന്റെ ആഗോള വിപണി ഏകദേശം 4.83 ലക്ഷം കോടിയുടേതാണത്രേ. ചെറുപ്പക്കാരും കൂടുതല്‍ സമ്പന്നരുമായ പൗരന്മാര്ക്കിടയില് അതിന്റെ ഉപയോഗം വ്യാപകമാണെന്ന് കുവൈത്തിലെയും ഖത്തറിലെയും അധികാരികള്‍ വ്യക്തമാക്കിയിരുന്നു.
2022 ല്‍ മാത്രം ജോര്‍ദാന്‍ 6.5 കോടി ക്യാപ്ടഗണ് ഗുളികകള്‍ തടഞ്ഞു. ഇറ്റാലിയന്‍ തുറമുഖമായ സാലെര്നോയില്നിന്ന് 2020 ല്‍ 8.4 കോടി വ്യാജ ക്യാപ്ടഗണ് പിടിച്ചെടുത്തു. അസദിന്റെ യുദ്ധയന്ത്രത്തിന് ഇന്ധനം പകരുന്ന മയക്കുമരുന്ന് വ്യാപാരത്തിന് ഉത്തരവാദികളായ ബിസിനസുകാരും സിറിയന്‍ പ്രസിഡന്റിന്റെ ബന്ധുക്കളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം യു.കെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.






