
ഹൈദരാബാദ്: പുഷ്പ 2 സിനിമയുടെ റിലീസിംഗുമായി ബന്ധപ്പെട്ട് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജുനെ അറസ്റ്റ് ചെയ്തതായി ഹൈദരാബാദ് പോലീസ്. ജൂബിലി ഹില്‍സിലെ വസതിയില്‍ വെച്ച് ഹൈദരാബാദ് പോലീസിലെ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സാണ് അല്ലുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ മാസം ആദ്യം ഹൈദരാബാദിലെ സന്ധ്യ തീയേറ്ററില്‍ അല്ലു അര്‍ജുന്റെ പുതിയ സിനിമയായ പുഷ്പ-2 ന്റെ റിലീസിംഗുമായി ബന്ധപ്പെട്ട തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരണമടയുകയും ഇവരുടെ കുട്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ നേരത്തേ തീയേറ്ററിന്റെ ഉടമ, മാനേജര്‍, സെക്യൂരിറ്റി ജീവനക്കാരന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് അല്ലു അര്‍ജുനെയും പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിക്കാഡ്പള്ളി പോലീസ് സ്റ്റേഷനിലേക്കാണ് അല്ലുവിനെ കൊണ്ടുപോയിരിക്കുന്നത്. സംഗീത സംവിധായകന് ദേവി ശ്രീ പ്രസാദിനൊപ്പം സിനിമയുടെ റിലീസിംഗ് ചടങ്ങില്‍ അല്ലു അര്ജുന് പങ്കെടുത്തിരുന്നു. താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടുകയും തിക്കുംതിരക്കുമായി മാറുകയുമായിരുന്നു.
ഇതിനിടയില്‍ തിയേറ്ററിന്റെ പ്രധാന ഗേറ്റ് തകര്‍ന്ന് തിക്കിലും തിരക്കിലും പെട്ടു. 35 വയസ്സുള്ള ഒരു സ്ത്രീക്ക് ജീവന് നഷ്ടപ്പെട്ടു, അവരുടെ 9 വയസ്സുള്ള മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്ലു അര്ജുന് കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്തിരുന്നു.






