
തിരുവനന്തപുരം: സ്കൂള്‍ കലോത്സവത്തിന്റെ അവതരണഗാന നൃത്താവിഷ്കാരം സൗജന്യമായി ചിട്ടപ്പെടുത്താമെന്ന് അറിയിച്ച് കേരള കലാമണ്ഡലം. ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിനു നല്കി. വിദ്യാര്‍ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നും സര്‍ക്കാരിന് കലാമണ്ഡലം ഉറപ്പ് നല്‍കിയിട്ടുണ്ട്.
നൃത്തം പഠിപ്പിക്കാന്‍ പ്രശസ്ത നടി അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന മന്ത്രി വി. ശിവന്‍കുട്ടിയുടെ പരാമര്‍ശം നേരത്തേ വിവാദമായിരുന്നു. അതിനു പിന്നാലെ പ്രസ്താവന പിന്‍വലിക്കുന്നതായും മന്ത്രി അറിയിച്ചിരുന്നു. സ്കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി വലിയനിലയിലാവുകയും ചെയ്ത നടിമാരില്‍ ചിലര്‍ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. 16,000 കുട്ടികളെ പങ്കെടുപ്പിച്ച് ജനുവരിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിനു വേണ്ടി, യുവജനോത്സവം വഴി വളര്‍ന്നുവന്ന ഒരു പ്രശസ്ത സിനിമാനടിയോട് കുട്ടികളെ 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു നൃത്തം പഠിപ്പിക്കാമോ എന്ന് ആരാഞ്ഞു. അവര്‍ സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ 5 ലക്ഷം രൂപയാണ് പ്രതിഫലം ചോദിച്ചത്.
വിദ്യാഭ്യാസമന്ത്രി എന്ന നിലയില്‍ ഇത് ഏറെ വേദനിപ്പിച്ചെന്നും ഇത്രയും വലിയ തുക നല്കി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ട എന്നു തീരുമാനിച്ചുവെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നു. സാമ്പത്തികമോഹികളില്ലാത്ത എത്രയോ നൃത്താധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാര്‍ഥികളെ സൗജന്യമായി അവതരണ ഗാനം പഠിപ്പിക്കാമെന്ന് അറിയിച്ച് കലാമണ്ഡലം രംഗത്തെത്തിയത്.






