
ന്യൂഡല്‍ഹി: രാജ്യസഭയില്‍ തുടരുന്ന ഭരണഘടന ചര്‍ച്ച ഇന്ന് അവസാനിക്കുമ്പോള്‍ ലോക്സഭയില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് ഇന്ന് അവതരിപ്പിക്കും. എട്ടു പേജുകള്‍ ഉള്ള ബില്ലാണ് ലോക്സഭയില്‍ അവതരിപ്പിക്കുന്നത്.
ബില്ല് ഇന്നലെ അവതരിപ്പിക്കാനായിരുന്നു കേന്ദ്രത്തിന്റെ നീക്കമെങ്കിലും മാറ്റി വച്ചിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കായി പ്രത്യേക ബില്ലും ഇന്നവതരിപ്പിക്കും. അതേസമയം പ്രതിപക്ഷപാര്‍ട്ടികളുടെ പിന്തുണ കൂടിയുണ്ടെങ്കിലേ ബില്ല് പാസ്സാക്കാനാകു എന്നതാണ് കടമ്പ.
ഏതെങ്കിലും നിയമസഭയില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം ഉണ്ടാകും എന്നത് ഉള്‍പ്പെടെ ആകെ 17 ഭേദഗതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയുടെ 82, 83, 172, 327 എന്നീ അനുച്ഛേദങ്ങളിലാണ് ഭേദഗതി വരുത്തുന്നത്.
ഭരണഘടന ഭേദഗതി അംഗീകരിക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമെങ്കിലും വേണം. ഇപ്പോഴത്തെ സംഖ്യയില്‍ എന്‍ഡിഎക്ക് ഒറ്റക്ക് ബില്‍ പാസാക്കാനാവില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂടി സഹകരണം ഇക്കാര്യത്തില്‍ വേണ്ടി വരും.






