
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രി അര്ജുന് റാം മേഘ്വാളാണ് എട്ട് പേജുകളുള്ള ബില്ല് അവതരിപ്പിച്ചത്. ബില്ല് വിശദ വിശകലനത്തിനായി ജോയിന്റ് കമ്മിറ്റിക്ക് കൈമാറും. അതേസമയം അതിശക്തമായ വിമര്‍ശനമാണ് ബില്ലിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. രാജ്യത്തിന്റെ നാനാത്വം തകര്‍ക്കുമെന്നാണ് പ്രധാന വിമര്‍ശനം.
ബില്ല് ഭരണഘടനാ വിരുദ്ധമാണ് എന്നായിരുന്നു ആര്‍ജെഡിയുടെ പ്രതികരണം. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയമെന്ന് ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നുവെന്നും വ്യക്തമാക്കി. നിയമമന്ത്രി അര്ജുന് മേഘ്വാള് ഭരണഘടന (129ാം ഭേദഗതി) ബില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസിന്റെ മനീഷ് തിവാരി, സമാജ്വാദി പാര്‍ട്ടിക്ക് വേണ്ടി ധര്‍മേന്ദ്ര യാദവ്, തൃണമൂലിന്റെ കല്യാണ്‍ ബാനര്‍ജി എന്നിവര്‍ എതിര്‍പ്പുമായി രംഗത്ത് വന്നു.
സംസ്ഥാന നിയമസഭകളുടെ സ്വാതന്ത്ര്യം അട്ടിമറിക്കാനുള്ള ശ്രമത്തിന് കാരണമാകുമെന്നും ഇത് സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയാണെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ കല്യാണ്‍ ബാനര്‍ജിയുടെ വിമര്‍ശനം. ബില്‍ കൂടുതല്‍ കൂടിയാലോചനകള്‍ക്കായി സംയുക്ത സമിതിക്ക് കൈമാറാനാണ് സാധ്യത. ഇന്ത്യയുടെ ജനാധിപത്യം തെരഞ്ഞെടുപ്പുകളുടെ ഊര്‍ജ്ജസ്വലതയിലാണ് വളരുന്നത്.
ഛിന്നഭിന്നമായതും ഇടയ്ക്കിടെയുള്ളതുമായ തെരഞ്ഞെടുപ്പുകള്‍ കൂടുതല്‍ കാര്യക്ഷമമായ ഒരു സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. എന്ന് പറഞ്ഞുകൊണ്ട് ഗവണ്മെന്റ് അതിന്റെ 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' നിര്‍ദ്ദേശം ഉന്നയിച്ചുകൊണ്ട് രാവിലെ നടപടികള്‍ ആരംഭിച്ചത്. ബില്ല് തിങ്കളാഴ്ച അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് മാറ്റുകയായിരുന്നു.






