
ന്യൂഡല്‍ഹി: ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കു സി.എം.ആര്.എല്‍ പണം നല്‍കിയോയെന്നു സംശയമുണ്ടെന്നു സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ). ഇക്കാര്യത്തില്‍ അനേ്വഷണം തുടരുന്നതായി കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന് ഡല്‍ഹി ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒയുടെ അനേ്വഷണം. ഇതിനെതിരേ സി.എം.ആര്.എല്ലാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
എക്സാലോജിക് ഒരു സേവനവും നല്‍കിയിട്ടില്ലെന്നും എന്നാല്‍ പണം നല്‍കുന്നുണ്ടെന്നും സി.എം.ആര്.എല്‍ ഉദ്യോഗസ്ഥര്‍ മൊഴി നല്കി. പണം നല്‍കിയത് എന്തിനാണെന്ന് എല്ലാവര്ക്കും അറിയാമെന്നും എക്സാലോജിക് - സി.എം.ആര്.എല്‍ ദുരൂഹ ഇടപാടില്‍ അനേ്വഷണം പൂര്‍ത്തിയായെന്നും എസ്.എഫ്.ഐ.ഒ കോടതിയെ അറിയിച്ചു. വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയത് കാലിത്തീറ്റ കുംഭകോണ കേസിനെ അനുസ്മരിപ്പിക്കുന്നെന്നും എസ്.എഫ്.ഐ.ഒയുടെ സത്യവാങ്മൂലത്തിലുണ്ട്. കേസില്‍ ഇൗ മാസം 23-ന് വീണ്ടും വാദം തുടരും.
മാസപ്പടിക്കേസിലെ എസ്.എഫ്.ഐ.ഒ അനേ്വഷണം ചട്ടവിരുദ്ധമാണെന്നാണ് സി.എം.ആര്.എല്‍ കഴിഞ്ഞ തവണ വാദിച്ചത്. ആദായനികുതി സെറ്റില്‍മെന്റ് കമ്മിഷന് തീര്‍പ്പാക്കിയ കേസാണിത്. അതില്‍ രണ്ടാമതൊരു അനേ്വഷണം പാടില്ല. കേസുമായി നേരിട്ടു ബന്ധമില്ലാത്ത മൂന്നാം കക്ഷിയായ ഷോണ്‍ ജോര്‍ജിന് രഹസ്യരേഖകള്‍ എങ്ങനെ കിട്ടിയെന്നും സി.എം.ആര്.എല്‍ ചോദിച്ചിരുന്നു.






