
കൊച്ചി : കോട്ടയം സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് സ്റ്റഡീസിന്റെ (സിപാസ്) കീഴിലുള്ള അധ്യാപകര്‍ക്കു യു.ജി.സി. സ്കെയിലില്‍ ശമ്പളം നല്‍കാനാവില്ലെന്നു സംസ്ഥാന സര്‍ക്കാര്‍. എം.ജി. സര്‍വകലാശാല അതിനുള്ള പണം സ്വന്തം ഫണ്ടില്‍ നിന്നു തന്നെ കണ്ടെത്തണമെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സി.പി.എ.എസ്. സ്വാശ്രയ സ്ഥാപനമാണെന്നും അതിനാല്‍, ആവശ്യം നടപ്പാക്കാന്‍ കഴിയില്ലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
സ്വാശ്രയ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കു ശമ്പളം നല്കാന് സര്‍ക്കാരിനു ബാധ്യതയില്ല. എം.ജി. സര്‍വകലാശാലയ്ക്കു കീഴിലുള്ള സി.പി.എ.എസില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതു സ്വാശ്രയ കോളജുകളാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യു.ജി.സി. സ്കെയിലില്‍ ശമ്പളം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെതിരേ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണു സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്.
മഹാത്മാഗാന്ധി സര്‍വകലാശാല നടത്തിയിരുന്ന എല്ലാ സ്വാശ്രയ വകുപ്പുകളും ഉള്‍പ്പെടുത്തി, ഗുണനിലവാരം അടിസ്ഥാനമാക്കിയുള്ള ഉന്നത വിദ്യാഭ്യാസം നല്‍കുക ലക്ഷ്യമിട്ടു 2017 ലാണു സംസ്ഥാന സര്‍ക്കാരിനു കീഴില്‍ സി.പി.സി.എസ്. രൂപീകരിച്ചത്. യു.ജി.സി. അംഗീകാരവുമുണ്ട്. നിലവില്‍ സി.പി.എ.എസിനു കീഴില്‍ 21ല്‍ പരം കോളേജുകളാണുള്ളത്.
മെഡിക്കല്‍, ഹെല്‍ത്ത് സയന്‍സ്, എന്‍ജിനീയറിങ്, അപ്ലൈഡ് സയന്‍സ്, ജേണലിസം, ലൈബ്രറി സയന്‍സ് കോഴ്സുകളാണു സെന്ററിനു കീഴിലുള്ള കോളജുകളിലുള്ളത്. സി.പി.എ.എസിനു കീഴിലുള്ള അധ്യാപകര്‍ യു.ജി.സി. സ്കെയില്‍ പ്രകാരമുള്ള ശമ്പളത്തിന് അര്‍ഹരാണെന്ന വാദം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു. ഇൗ ഉത്തരവു നടപ്പാക്കാത്തതിനെതിരേയാണു കോടതിയലക്ഷ്യ ഹര്‍ജി.






