
ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടം. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 46 ഓവറിൽ 164 റൺസെന്ന നിലയിലാണ് ഇന്ത്യ. അവസാന സെഷനിൽ തുടര്‍ച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമായത് രണ്ടാം ദിവസം ഇന്ത്യയ്ക്കു തിരിച്ചടിയായി. ഋഷഭ് പന്തും (ആറ്), രവീന്ദ്ര ജഡേജയും (നാല്) പുറത്താകാതെനിൽക്കുന്നു. അവസാന ഓവറുകൾ നേരിടാൻ ഇറങ്ങിയ ആകാശ്ദീപാണ് ഇന്ത്യന്‍ നിരയില്‍ ഒടുവിൽ പുറത്തായത്. 13 പന്തുകൾ നേരിട്ട താരം റണ്ണൊന്നുമെടുത്തില്ല.
മറുപടി ബാറ്റിംഗില്‍ ഓപ്പണറായി തിരിച്ചെത്തിയ രോഹിത് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്ന കാഴ്ചയാണ് മെല്‍ബണില്‍ കണ്ടത്. രണ്ടാം ഓവറിന്റെ അവസാന പന്തിലാണ് രോഹിത് മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബോളണ്ടിന് ക്യാച്ച്. അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രം. പിന്നീട് രാഹുല്‍ - ജയ്സ്വാള്‍ സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ രണ്ടാം സെഷനിലെ അവസാന പന്തില്‍ രാഹുല്‍ (24) മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ്.
രണ്ട് 51 എന്ന നിലയിലായ ഇന്ത്യയെ രക്ഷിച്ചത് കോലി (36) - ജയ്സ്വാള്‍ കൂട്ടുകെട്ടായിരുന്നു. മൂന്നാം വിക്കറ്റില്‍ ജയ്സ്വാള്‍- കോലി ജോടി 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. ടീം സ്കോര്‍ 152ല്‍ നില്‍ക്കെ ജയ്സ്വാളിന്റെ അപ്രതീക്ഷിത റണ്ണൗട്ട് ഓസീസിന് ബ്രേക്ക് ത്രൂയായി മാറി . ജയ്സ്വാള്‍ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് റണ്ണിന് ശ്രമിച്ചു. എന്നാല്‍ കോലിയാവട്ടെ അവിടെ ഒരു റണ്ണില്ലെന്ന മട്ടില്‍ നിന്നു. പന്തെടുത്ത കമ്മിന്‍സ് ബാറ്റിംഗ് എന്‍ഡിലേക്ക് എറിഞ്ഞു. സ്റ്റംപില്‍ കൊണ്ടില്ലെങ്കിലും വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി പന്ത് കയ്യിലൊതുക്കി ബെയ്ല്‍സ് ഇളക്കി. ഒരു സിക്സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്.
പിന്നാലെ കോലിയും മടങ്ങിയതോടെ ഇന്ത്യ രണ്ടിന് 152ല്‍ നിന്നും നാലിന് 159ലേക്കു വീണു.ബോളണ്ടിന്റെ പന്ത് ബാറ്റിലുരസിയപ്പോള്‍ അനായാസം ക്യാരി കയ്യിലൊതുക്കി. നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ ആകാശ് ദീപിന് (0) 13 പന്ത് മാത്രമായിരുന്നു ആയുസ്. ബോളണ്ടിന് വിക്കറ്റ്. . ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 310 റണ്‍സ് കൂടി വേണം.




