
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗിന് രാജ്യം ഇന്ന് വിട നല്‍കും. രാവിലെ 11.45ന് നിഗംബോധ്ഘട്ടിലാണ് സംസ്കാര ചടങ്ങുകള്‍. രാവിലെ 8.30 മുതല്‍ 9.30 വരെ എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയായിരുന്നു മന്മോഹന് സിംഗിന്റെ അന്ത്യം.
പൂര്‍ണ്ണ സൈനിക ബഹുമതിയോടെയാവും സംസ്കാരം. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ജന്‍പഥ് മൂന്നാം നമ്പര്‍ വസതിയിലുള്ള മൃതദേഹം രാവിലെ എട്ട് മണിയോടെ വിലാപയാത്രയുടെ അകമ്പടിയില്‍ എഐസിസി ആസ്ഥാനത്ത് എത്തിക്കും. മന് മോഹന്‍ സിംഗിനോടുള്ള ആദര സൂചകമായി ഇന്ന് ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴു ദിവസത്തേക്ക് ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മന്മോഹന് സിംഗിന്റെ വേര്‍പാടില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിപുലമായ അനുസ്മരണയോഗങ്ങളും സര്വമതപ്രാര്ത്ഥനകളും സംഘടിപ്പിക്കുന്നുണ്ട്. സ്മാരകത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തീരുമാനം ആയിട്ടില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി സര്‍വ്വമത പ്രാര്‍ത്ഥന സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം അനുശോചന യോഗങ്ങള്‍ നടക്കും.
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ രാവിലെ എട്ടു മുതല്‍ സര്‍വ്വമത പ്രാര്‍ത്ഥന തുടങ്ങും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്, മുതിര്‍ന്ന നേതാവ് എ കെ ആന്റണി എന്നിവര്‍ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി പ്രസിഡന്റ് കെ സുധാകരന്, രമേശ് ചെന്നിത്തല എന്നിവര്‍ മന്മോഹന് സിംഗിന് അന്തിമോപചാരം അര്‍പ്പിച്ച് ഇന്നലെ രാത്രിയോടെയാണ് കേരളത്തിലേക്ക് മടങ്ങിയത്.






