
തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം. കോളേജിന്റെ ഉടമസ്ഥന്റേതാണോ മൃതദേഹമെന്ന് സംശയിക്കുന്നുണ്ട്. നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് കോളേജിലെ പണി തീരാത്ത കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെയാണ് കോളേജിന്റെ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിലെ ഹാളില്‍ നിന്നുമാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്ത് നിന്നും മൊബൈല്‍ഫോണും കാറും കണ്ടെത്തിയിട്ടുണ്ട്. ഇത് കോളേജ് ഉടമയുടേതാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണെന്ന് സംശയിക്കുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
അതേസമയം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന നിലയിലാണ് പോലീസ്. അസീസിന് കടബാദ്ധ്യതകള്‍ ഉണ്ടായിരുന്നതായും പറയുന്നുണ്ട്. ഇന്നലെ കോളേജ് പരിസരത്ത് അസീസിനെ കണ്ടിരുന്നതായും കടം വാങ്ങിയവര്‍ പണം തിരികെ ആവശ്യപ്പെട്ട് ഇന്നലെ ഉള്‍പ്പെടെ ബഹളം ഉണ്ടാക്കിയിരുന്നതായി ആളുകള്‍ പറയുന്നുണ്ട്.






