
തിരുവനന്തപുരം: നെടുമങ്ങാട് - കരകുളം എഞ്ചിനീയറിംഗ് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം ആത്മഹത്യയാണോയെന്ന് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ മൊബൈല്‍ഫോണില്‍ നിന്നും ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായി സൂചനകളുണ്ട്. മൃതദേഹം ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ഇതിനായി ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങുകയാണ്. നേരത്തേ ഫോണ്‍ പരിശോധന നടത്തിയ പോലീസ് അതില്‍ നിന്നും ഇനി മരിച്ചാല്‍ മതിയെന്ന കുറിപ്പ് കണ്ടെത്തിയിരുന്നതായി വിവരമുണ്ട്. ഇത് നേരത്തേ തയ്യാറാക്കിയ കുറിപ്പാണെന്നാണ് കരുതുന്നത്. അതേസമയം ഡിഎന്‍എ പരിശോധനാഫലം ലഭിച്ചശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക. കൂടുതല്‍ ദൃക്സാക്ഷികളുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹയാണെന്നാണ് പ്രഥമിക നിഗമനം.
നിലവില്‍ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. ഫോണ്‍, കണ്ണട, ചെരുപ്പ് എന്നിവയും സംഭവസ്ഥലത്തുണ്ടായിരുന്നു. ഇയാളുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്തിനടുത്ത് താഹയുടെ വാഹനം കണ്ടെത്തിയിട്ടുണ്ട്. പെട്രോള്ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തി.
ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കും. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാകാനാണ് സാധ്യതയെന്ന് മന്ത്രി ജി ആര് അനില്‍ ഇന്നലെ അറിയിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കടബാധ്യതയുള്ളതായി ഉടമ തന്നോട് പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. കടബാധ്യതയെക്കുറിച്ച് പറഞ്ഞപ്പോള്‍ കോളേജ് സന്ദര്‍ശിക്കാം എന്ന് മറുപടി നല്കി. വയനാട് തിരഞ്ഞെടുപ്പും മറ്റ് തിരക്കുകളും കാരണം എത്താനായില്ല എന്നും മന്ത്രി ഇന്നലെ അറിയിച്ചിരുന്നു.






