
കോഴിക്കോട്: സാമ്പത്തിക പ്രയാസം മൂലം നാട്ടില്‍ നിന്നും മാറി നിന്നതാണെന്നു നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികന് വിഷ്ണു. ബംഗലുരുവില്‍ നിന്നും വിഷ്ണുവിനെ പോലീസ് കണ്ടെത്തി നാട്ടിലെത്തിച്ചതോടെ ഇനി സന്തോഷത്തോടെ കല്യാണ ഒരുക്കങ്ങളിലേക്ക് കടക്കുകയാണെന്നാണ് ആദ്യ പ്രതികരണം..ഇന്ന് രാവിലെയാണ് വിഷ്ണുവിനെ കോഴിക്കോടെത്തിച്ചത്.
വിഷ്ണുവിന്റെ ചില സുഹൃത്തുക്കളില്‍ നിന്നും കിട്ടിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ബെംഗളുരുവില്‍ എത്തിയത്. എലത്തൂര്‍ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. വിഷ്ണുവിനെ നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 17നാണു പൂനെ ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത്.
കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. തന്നെ കാണാതായെന്നത് വലിയ വാര്‍ത്തയായത് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞതെന്നും വിഷ്ണു പറഞ്ഞു.
വിഷ്ണുവിനെ കണ്ടെത്താന്‍ നിര്‍ണ്ണായകമായത് എടിഎം വിവരങ്ങള്‍. ശമ്പളം വന്നതിന് പിന്നാലെ ബംഗലുരുവിലെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ചു. 1000 ലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. മുംബൈയില്‍ മാത്രം 1,500 ക്യാമറ പരിശോധിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. അതിനാല്‍ നാട്ടില്‍ നടന്നിരുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വിഷ്ണു ഇതിനകം എടുത്ത ലോണ്‍ അടവുകള്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നുണ്ട്. കല്ല്യാണവുമായി ബന്ധപ്പെട്ട് വീട്ടില്‍ ചെറിയ പണികള്‍ നടക്കുന്നുണ്ട്. അതിനുള്ള തുക കൈയ്യില്‍ ഉണ്ടായിരുന്നില്ല. പണമില്ലാതെ വീട്ടിലേക്ക് വരാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വരാതിരുന്നത്.
നാലു ദിവസം മുംബൈയില്‍ നിന്ന ശേഷം ബെംഗ്ളൂരുവിലേക്ക് പോയി. ബെംഗ്ളൂരുവില്‍ സുഹൃത്തുക്കള്‍ ഒന്നുമില്ല. ഒറ്റയ്ക്കായിരുന്നു. മൊബൈല്‍ ഫോണും ഉപയോഗിക്കുന്നുണ്ടായിരുന്നില്ല', എസ്ഐ പറഞ്ഞു. ബാങ്ക് ട്രാന്സാക്ഷന് നോക്കിയാണ് വിഷ്ണുവിനെ കണ്ടെത്തിയത്. സാലറി ക്രെഡിറ്റ് ആയപ്പോള്‍ പണം പിന്‍വലിച്ച് സിനിമയൊക്കെ കണ്ടു നടക്കുകയായിരുന്നു.






