
കണ്ണൂര്‍: സ്കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ നിസാമിനെതിരെ കേസ്. വളക്കൈയില്‍ ഉണ്ടായ സംഭവത്തിന് കാരണം നിസാമിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന എംവിഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശ്രദ്ധമായി വാഹനം ഓടിച്ചെന്ന കുറ്റത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഇയാളുടെ ലൈസന്‍സും റദ്ദു ചെയ്തേക്കും.
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട് ആര്‍ടിഒയ്ക്ക് കൈമാറി. ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എംവിഡി പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്. സ്കൂള്‍ ബസിന് ഫിറ്റ്നെസ് ഉണ്ടായിരുന്നില്ലെന്നും എംവിഐ നേരത്തെ അറിയിച്ചിരുന്നു. ഇറക്കത്തില്‍ ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്ന നിസാമിന്റെയും ആയ സുലോചനയുടേയും വാദങ്ങളും എംവിഡി തള്ളിയിരിക്കുകയാണ്. അപകടത്തിന് ശേഷവും ബ്രേക്ക് കൃത്യമായി പമ്പ് ചെയ്യുന്നുണ്ടായിരുന്നു എന്നാണ് എംവഡിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അപകട കാരണമാകുന്ന മറ്റ് മെക്കാനിക്കല്‍ തകരാറുകളും കണ്ടെത്തിയിട്ടില്ല.
പൊറുക്കള സ്വദേശിനിയായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നേദ്യ പഠിച്ച കുറുമാത്തൂര്‍ ചിന്മയ യുപി സ്കൂളില്‍ പൊതുദര്‍ശനത്തിനും ശേഷം ഇന്ന് തന്നെ സംസ്ക്കാരവും നടക്കും. നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞ ബസില്‍ നിന്ന് നേദ്യ തെറിച്ചുവീഴുകയായിരുന്നു. 18 കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. ിട്ടു.
ബ്രേക്ക് നഷ്ടമായപ്പോള്‍ സമീപത്തെ കടയിലേക്ക് ഇടിച്ചുകയറ്റാന്‍ നോക്കിയെന്നും എന്നാല്‍ സാധിച്ചില്ലെന്നുമായിരുന്നു ഡ്രൈവര്‍ നേരേത്ത മാധ്യമങ്ങളോട് പറഞ്ഞത്. സ്കൂള്‍ വിട്ട് കുട്ടികളെ വീട്ടിലെത്തിക്കാനുള്ള യാത്രക്കിടെയായിരുന്നു സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. താഴ്ചയിലേക്ക് മറിഞ്ഞ ബസ് പല തവണകളായി മലക്കംമറിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. നേദ്യ ബസിന് പുറത്തേക്ക് തെറിച്ച് വീഴുകയും പിന്നാലെ ബസ് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയുമായിരുന്നു.






