
ചങ്ങനാശ്ശേരി: ക്ഷേത്രങ്ങളില്‍ വസ്ത്രം ഊരുന്നതിനെതിരേയുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും കാലാകാലങ്ങളായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ മാറ്റം വരുത്തണമെന്ന് പറയുന്നത് എന്തിനാണെന്നും എന്‍എസ്്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ക്ഷേത്രത്തിലെ മേല്വസ്ത്രവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കും ശിവഗിരി മഠത്തിലെ സ്വാമി സച്ചിദാനന്ദയ്ക്കും എതിരേയായിരുന്നു നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രി പറയാന്‍ പാടില്ലായിരുന്നെന്നും പറഞ്ഞു.
ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ ആചാരങ്ങളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. കാലാകാലങ്ങളായുള്ള ആചാരങ്ങള്‍ മാറ്റാന്‍ പറയാന്‍ ഇവര്‍ ആരാണെന്നും ചോദിച്ചു. ശബരിമലയില്‍ ഷര്‍ട്ട് ധരിച്ചുകൊണ്ടാണ് ദര്‍ശനം നടത്തുന്നത്. മറ്റ് ചില ക്ഷേത്രങ്ങളില്‍ ഷര്‍ട്ടൂരിയാണ് പ്രവേശിക്കുന്നത്. ശിവഗിരിയുടെ ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കില്‍ തങ്ങള്‍ക്കെന്താണ് കുഴപ്പം. ഈ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താന്‍ താല്‍പ്പര്യമുള്ള നായര്‍ക്കോ മറ്റു വിഭാഗങ്ങള്‍ക്കോ ഷര്‍ട്ട് ധരിച്ച് തന്നെ പോകാം. എന്നാല്‍ കാലാകാലങ്ങളായുള്ള ആചാരങ്ങള്‍ മാറ്റണമെന്ന് പറയാന്‍ അവര്‍ക്ക് എന്താണ് അവകാശമെന്നും ജി സുകുമാരന്‍ നായര്‍ ചോദിച്ചു.
അക്കാര്യത്തില്‍ പിടിവാശി അംഗീകരിക്കാനാകില്ലെന്നും ഇതൊക്കെ ഒരു ആചാരത്തിന്റെ ഭാഗമായി വരുന്ന കാര്യങ്ങളാണെന്നും അവയൊക്കെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ഒരു മത വിഭാഗത്തിനോ സര്‍ക്കാരിനോ കഴിയില്ലെന്നും പറഞ്ഞു. വ്യാഖ്യാനങ്ങള്‍ എല്ലാം ഹിന്ദുവിന്റെ പുറത്ത് മാത്രമേയുള്ളോയെന്നും മറ്റു മതസ്ഥരെ വിമര്‍ശിക്കാന്‍ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ സമ്മേളനത്തില്‍ ചോദിച്ചു. ഇവിടെ ക്രൈസ്തവരുണ്ട് കാലാനുസൃതമല്ലാത്ത അനേകം കാര്യങ്ങള്‍ അവര്‍ക്കുമുണ്ട്. മുസ്ളീങ്ങള്ക്കുമുണ്ട് വസ്ത്രധാരണം സംബന്ധിച്ച ആചാരങ്ങള്‍. ഇത്തരം നടപടികളെ വിമര്‍ശിക്കാന്‍ ശിവഗിരി മഠത്തിനോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടാകുമോയെന്നും ചോദിച്ചു.
11 വര്‍ഷത്തിന് ശേഷം എന്‍എസ്എസ് ആസ്ഥാനത്തേക്ക് എത്തിയ രമേശ് ചെന്നിത്തലയെ പുകഴ്ത്താനും സുകുമാരന്‍ നായര്‍ മറന്നില്ല. രമേശ് ചെന്നിത്തല എന്‍എസ്എസിന്റെ പുത്രനാണെന്നും കോണ്‍ഗ്രസുകാരനായിട്ടല്ല ക്ഷണിച്ചതെന്നും പറഞ്ഞു. പെരുന്നയില്‍ നടന്ന മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍. ശിവഗിരി മഠത്തിന്റെ 92 ാമത് തീര്‍ത്ഥാടന സമ്മേളനത്തിലായിരുന്നു ക്ഷേത്രങ്ങളിലെ വസ്ത്രം ഊരി ദര്‍ശനം നടത്തുന്ന കാര്യത്തെക്കുറിച്ച് ശിവഗിരി മഠാധിപധി സച്ചിദാനന്ദ സ്വാമിയും മുഖ്യമന്ത്രിയും വിമര്‍ശിച്ചത്. സച്ചിദാനന്ദ സ്വാമിയെ പിന്തുണച്ച് മുഖ്യമന്ത്രിയും വരികയായിരുന്നു.






