
കാസര്‍കോഡ്: രാഷ്ട്രീയകേരളം കാത്തിരുന്ന പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയിലെ സിബിഐ കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ ശരത്ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങളില്‍ നാടകീയ രംഗംങ്ങള്‍. വിധികേട്ട് ഇരകളുടെ അമ്മമാര്‍ പൊട്ടിക്കരഞ്ഞു. സ്മൃതി മണ്ഡപത്തില്‍ വീണു കരഞ്ഞപ്പോള്‍ കോണ്‍ഗ്രസ് പുഷ്പാര്‍ച്ചന നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കേസില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ളതും പത്ത്, പതിനഞ്ച് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തവും രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷിച്ചത്. സിപിഎമ്മിനാണ് വിധി വന്നപ്പോള്‍ വലിയ തിരിച്ചടി കിട്ടിയത്. മുന്‍ എംഎല്‍എ അടക്കം നാലുപേര്‍ക്ക് അഞ്ചു വര്‍ഷം തടവ്ശിക്ഷ കിട്ടി. സിപിഎം നേതാക്കള്‍ക്കും ജീവപര്യന്തം ശിക്ഷ കിട്ടണമായിരുന്നെന്നും കേസില്‍ തുടര്‍നടപടികള്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് തീരുമാനിക്കുമെന്നും കൃപേഷിന്റെ പിതാവ് പ്രതികരിച്ചു. കൃപേഷിന്റെ അമ്മയും ശരത്ലാലിന്റെ അച്ഛനും ബന്ധുക്കളും കല്യോട്ടെ വീട്ടിലായിരുന്നു വിധി കാത്തിരുന്നത്.
വിധി പ്രസ്താവിച്ചതിന് പിന്നാലെ ഇരുവരുടേയും ബന്ധുക്കള്‍ സ്മൃതികുടീരത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞു. വിധിയില്‍ തൃപ്തിയില്ലെന്നും നഷ്ടപ്പെട്ടവര്‍ക്കേ അതിന്റെ വേദനയറിയൂ എന്നും ശരത് ലാലിന്റെ സഹോദരി പറഞ്ഞു. ഇരട്ട ജീവപര്യന്തം ശിക്ഷയില്‍ അപ്പീല്‍ പോകുമെന്നും സഹോദരി വ്യക്തമാക്കി. പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഇത് വീണ്ടും ആവര്‍ത്തിക്കുമെന്നും പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു കൃപേഷിന്റെ പിതാവ് കൃഷ്ണന് പറഞ്ഞത്. ഇരട്ടജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്നും പറഞ്ഞു.
സിപിഎം നേതാക്കള്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷ കിട്ടിയത് കുറഞ്ഞുപോയെന്നും അവര്‍ക്കും ജീവപര്യന്തം കിട്ടണമായിരുന്നു എന്നും പറഞ്ഞു. സിപിഎം നേതാക്കള്‍ക്ക് 10,000 രൂപ പിഴയുമിട്ടിട്ടുണ്ട്. അപ്പീലിന് പോകുമെന്നാണ് പ്രതിപക്ഷത്തെ നേതാക്കളുടെയും പ്രതികരണം. പ്രതിഭാഗം അഭിഭാഷകന് പുറമേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. പത്തുപേരെ വെറുതേ വിട്ടതിനെതിരേ അപ്പീലിന് പോകുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.






