
കാസര്‍ഗോഡ്: പെരിയ കല്യോട്ട് ഇരട്ട കൊലക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു സി.പി.എം. നേതൃത്വം വ്യക്തമാക്കുമ്പോഴും ശിക്ഷിക്കപ്പെട്ട പ്രതികളുടെ വീടുകള്‍ സന്ദര്‍ശിച്ച് സി.പി.എം. നേതാക്കള്‍. ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നേതാക്കളും എം.എല്‍.എമാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും അടക്കമുള്ളവരാണു വീടുകളിലെത്തിയത്.
കേസില്‍ ഇരട്ട ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട എ. പീതാംബരനടക്കമുള്ള പത്ത് പ്രതികളുടെയും അഞ്ച് വര്‍ഷം വീതം തടവിനു ശിക്ഷിക്കപ്പെട്ട മുന്‍ എം.എല്‍.എ: കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന് എന്നിവരടക്കമുള്ള നാല് നേതാക്കളുടെയും വീടുകളിലാണ് ഇന്നലെ നേതാക്കള്‍ എത്തിയത്.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്, എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, തുടങ്ങിയവരാണ് വീടുകള്‍ സന്ദര്‍ശിച്ചത്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്ത്തിക്കുന്നതോടൊപ്പമാണ് പ്രതികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പാര്‍ട്ടി അവര്‍ക്കൊപ്പമാണെന്ന സന്ദേശം നല്‍കിയിരിക്കുന്നത്.
സി.പി.എം. നേതൃത്വത്തിന്റെ നിലപാടില്‍ എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കു പ്രതിഷേധമുണ്ട്. നേരത്തെ കൊലപാതകം നടന്നപ്പോള്‍ പാര്‍ട്ടി പ്രതികളെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പ്രതികളുടെ കുടുംബങ്ങളുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുകയും പ്രതികളുടെ ഭാര്യമാര്‍ക്കും ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നല്‍കുകയും ചെയ്തിരുന്നു.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഒന്ന്, രണ്ട്, മൂന്ന് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയിരുന്നു. പിന്നീട് ഇത് വിവാദമായതിനെത്തുടര്‍ന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട് കോവിഡ് ആശുപത്രിയിലും പാര്‍ട്ടിയുടെ സഹകരണസ്ഥാപനങ്ങളിലും പലര്‍ക്കും ജോലി നല്കി.
പ്രതികള്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സാഹചര്യവും അഭിഭാഷകരെ അടക്കം ഏര്‍പ്പാട് ചെയ്തതു പാര്‍ട്ടി തന്നെയാണെന്ന് സി.പി.എം. നേതാക്കള്‍ തന്നെ സമ്മതിച്ചിരുന്നു. സി.ബി.ഐ. കേസില്‍ നേതാക്കളെയടക്കം പ്രതികളാക്കിയതോടെ മുഴുവന്‍ പ്രതികള്‍ക്കും നിയമ പോരാട്ടത്തിനു പിന്തുണ നല്കി.
ഇരട്ട കൊലക്കേസില്‍ സി.പി.എം. ഉന്നത നേതൃത്വത്തിനുള്ള പങ്കാണ് ഇപ്പോള്‍ നേതാക്കളുടെ ഗൃഹസന്ദര്‍ശനത്തോടെ വ്യക്തമാകുന്നതെന്നു രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയും ഡി.സി.സി. പ്രസിഡന്റ്് പി.കെ ഫൈസലും പറഞ്ഞു. കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവര്‍ക്ക് ജയിലിന് പുറത്ത് സ്വീകരണം നല്‍കിയതിലൂടെ കോടതിവിധികളെ പോലും തങ്ങള്‍ അംഗീകരിക്കില്ലെന്ന സന്ദേശമാണു സി.പി.എം. നല്‍കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.






