
കൊച്ചി: സാമൂഹ്യമാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തിന്റെ പേരില്‍ നടി ഹണിറോസ് നല്കിയ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ പോലീസ് എടുത്തത് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ്. വയനാട് നിന്നും അറസ്റ്റിലായ ബോബിയെ കൊച്ചിയിലേക്ക് കൊണ്ടുപോയി.
വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കൊച്ചിയിലെ സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത്. പേര് പരാമര്‍ശിച്ചായിരുന്നു ഹണിറോസ് പരാതി നല്‍കിയത്. മൂന്നരവര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് ബോബി ചെമ്മണ്ണൂരിനെതിരേ എടുത്തിരിക്കുന്നത്. സ്്ത്രീത്വത്തെ അവഹേളിച്ചതിനും അശ്ളീല പരാമര്‍ശം നടത്തിയതിനുമാണ് കേസ്.
സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ വയനാട് മേപ്പാടിയിലുള്ള റിസോര്‍ട്ടിന് പുറത്തുനിന്നും പിടികൂടിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഒളിവിപോകാനും മുന്‍കൂര്‍ജാമ്യം നേടാനുള്ള നീക്കവും പോലീസ് പൊളിച്ചു. കൊച്ചിയിലെ അഭിഭാഷകരുമായി ചേര്‍ന്നായിരുന്നു മുന്‍കൂര്‍ ജാമ്യത്തിന് പദ്ധതിയിട്ടത്. സോഷ്യല്‍ മീഡിയ വഴി ഖേദം പ്രകടിപ്പിക്കാനായിരുന്നു ഉദ്ദേശം.
ബോബി ചെമ്മണ്ണൂര്‍ പോലീസ് നടപടികളോട് സഹകരിച്ചു. കോയമ്പത്തൂരിലേക്ക് പോകാനിരിക്കെയാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂരില്‍ ജ്വല്ലറിയുടെ ഉദ്ഘാടനം ഇന്ന് പ്ലാന്‍ ചെയ്തിരുന്നു. നടി ഹന്‍സികയ്ക്കൊപ്പമാണ് ഇവിടെ ഷോറൂം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്. ബോബി അറസ്റ്റിലായെങ്കിലും ഉദ്ഘാടനം നടന്നു.






