
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പുലര്‍ച്ചെ അഞ്ചേകാലോടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. രാവിലെ 11 മണിയോടെ കോടതിയില്‍ എത്തിക്കും. എറണാകുളം ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം ബോബിയെ തിരിച്ച് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു.
ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അതിനാല്‍ കുറ്റബോധത്തിന്റെ കാര്യമില്ലെന്നും പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ പൊലീസ് രാത്രി ഏഴുമണിയോടെയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചത്.
മേപ്പാടിയിലെ റിസോര്‍ട്ടില്‍ നിന്നും കാറില്‍ പുറത്തേക്ക് പോകാനൊരുങ്ങുമ്പോള്‍ അതി നാടകീയമായിട്ടായിരുന്നു പോലീസിന്റെ നീക്കം. എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേര്‍ന്ന് നടത്തിയ നീക്കം ലോക്കല്‍ പൊലീസിനെപ്പോലും അറിയിച്ചിരുന്നില്ല. ഹണി റോസിന്റെ പരാതിയില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സെന്‍ട്രല്‍ എസിപി ജയകുമാറിന്റെ മേല്‍നോട്ടത്തില്‍ മൂന്ന് വനിതാ ഉദ്യോഗസ്ഥരടങ്ങുന്ന 10 പേരുടെ അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.






