
മധ്യപ്രദേശിലെ ഒരു മുന്‍ നിയമസഭാംഗത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവില്‍ നടന്ന ആദായനികുതി റെയ്ഡില്‍ കണ്ടെത്തിയത് മുതലകളെ. കൂടാതെ സ്വര്‍ണം, കോടിക്കണക്കിന് പണം, ബിനാമി ഇറക്കുമതി ചെയ്ത കാറുകള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബീഡി വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ക്രമക്കേടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മുന്‍ ബിജെപി എംഎല്‍എ ഹര്‍വന്‍ഷ് സിംഗ് റാത്തോഡിന്റെ വസതിയിലായിരുന്നു റെയ്ഡ് നടത്തിയത്.
കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഞായറാഴ്ച മുതല്‍ സാഗറിലെ റാത്തോഡിന്റെയും മുന്‍ കൗണ്‍സിലര്‍ രാജേഷ് കേശര്വാനിയുടെയും സ്വത്തുക്കളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിവരികയാണ്. രണ്ട് നേതാക്കളും ബീഡി ബിസിനസില്‍ പങ്കാളികളാണ്. കേശര്‍വാണി മാത്രം 140 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
റാത്തോഡിന്റെ വീട്ടില്‍ നടന്ന റെയ്ഡാണ് ആദായനികുതി ഉദ്യോഗസ്ഥരെ രസിപ്പിച്ചത്. ഇയാളുടെ വീട്ടിലെ ചെറിയ കുളത്തില്‍ മൂന്ന് മുതലകളെ കണ്ടെത്തി. കേശര്‍വാണി കുടുംബത്തിന്റെ സ്വത്തുക്കളില്‍ നടത്തിയ പരിശോധനയില്‍ ബിനാമി ഇറക്കുമതി ചെയ്ത നിരവധി കാറുകള്‍ കണ്ടെത്തി. ഈ കാറുകളുടെ ഉടമകളെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഗതാഗത വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സാഗര്‍ ജില്ലയിലെ പ്രമുഖ വ്യവസായിയും മുന്‍ മന്ത്രി ഹര്‍നാം സിംഗ് റാത്തോഡിന്റെ മകനുമായ ഹര്‍വന്‍ഷ് റാത്തോഡ് 2013 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാ മേധാവി സ്ഥാനത്തേക്കുള്ള ശക്തമായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അദ്ദേഹം.






