
കല്‍പ്പറ്റ: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാധ്യത കെപിസിസി ഏറ്റെടുക്കാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടി ഏറ്റെടുക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഐ സി ബാലകൃഷ്ണന് എംഎല്‍എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജയന്റെ കുടുംബത്തിനല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് അന്തവും കുന്തവും ഇല്ലാത്തതെന്നും ഗോവിന്ദന് പറഞ്ഞു. വിജയന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു ഗോവിന്ദന്റെ പ്രതികരണം.
സിപിഎം വിജയന്റെ കുടുംബത്തിനൊപ്പമാണ്. ജീവിതത്തെ ധൈര്യപൂര്‍വം നേരിടണമെന്നു പറഞ്ഞു. ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുക്കണം. ഇല്ലെങ്കില്‍ കൂട്ട ആത്മഹത്യ ഒഴിവാക്കാന്‍ ആ ബാധ്യതകള്‍ സിപിഎം ഏറ്റെടുക്കും. ഐ സി ബാലകൃഷ്ണനെ കാണാനില്ല. കര്‍ണാടകയില്‍ കല്യാണത്തിലാണെന്നാണു പറഞ്ഞത്. ഏത് കാട്ടിലാണെന്നാര്‍ക്കറിയാം. 15 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി പറഞ്ഞപ്പോഴാണു വിഡിയോയുമായി എംഎല്‍എ രംഗത്തു വന്നത്. എംഎല്‍എയ്ക്കു പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. ബാലകൃഷ്ണന് എത്രയും പെട്ടന്ന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ഗോവിന്ദന് പറഞ്ഞു.






