
കൊച്ചി: നടി ഹണിറോസിനെതിരേ സൈബര്‍ അധിക്ഷേപം നടത്തിയതിന്റെ പേരില്‍ പുലിവാല് പിടിച്ച വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. സ്വമേധയാ നടപടിയെടുത്തത് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ്. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
കേസില്‍ ബോബി ചെമ്മണ്ണൂരിന് ഇന്നലെ ജാമ്യം നല്‍കിയതിന് പിന്നാലെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അസാധാരണ നീക്കം. ഇന്നലെ ഹൈക്കോടതി ജാമ്യമനുവദിച്ചെങ്കിലും ജയിലില്‍നിന്നു പുറത്തിറങ്ങാന്‍ ബോബി ചെമ്മണ്ണൂര്‍ വിസമ്മതിച്ചിരുന്നു. വിടുതല്‍ ബോണ്ടില്‍ ഒപ്പുവയ്ക്കില്ലെന്നു ബോബി നിലപാടെടുത്തതോടെ അദ്ദേഹത്തെ സ്വീകരിക്കാന്‍ ജയിലിനു മുന്നില്‍ കാത്തുനിന്നവര്‍ നിരാശരായി മടങ്ങി.
ജാമ്യത്തിലിറങ്ങേണ്ടെന്നു ബോബി ജയില്‍ അധികൃതരെയും തന്റെ അഭിഭാഷകരെയും അറിയിക്കുകയായിരുന്നു. റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതികപ്രശ്നങ്ങളാല്‍ പുറത്തിറങ്ങാന്‍ പറ്റാത്ത ഒട്ടേറെ തടവുകാര്‍ ജയിലിലുണ്ടെന്നും അവരോടുള്ള ഐക്യദാര്‍ഢ്യമാണിതെന്നും ബോബി അഭിഭാഷകരെയും അധികൃതരെയും അറിയിക്കുകയും ചെയ്തതതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
കര്‍ശന ഉപാധികളോടെയാണ് ബോബി ചെമ്മണൂരിനു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജാമ്യകാലയളവില്‍ സമാനമായ കേസുകളില്‍ ഉള്‍പ്പെട രുത്, അന്വേഷണോദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം, അനേ്വഷണത്തോടു പൂര്‍ണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികള്‍. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ മജിസ്ട്രേറ്റ് കോടതിക്ക് നടപടിയെടുക്കാം.
ശാരീരികമായ അധിക്ഷേപം (ബോഡി ഷെയ്മിങ്) സമൂഹത്തിന് ഉള്ക്കൊള്ളാവുന്നതല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. സ്വയം സെലിബ്രിറ്റിയായി കരുതുന്ന ഇൗ മനുഷ്യന് എന്തിനാണ് ഇങ്ങനെയൊക്കെ പെരുമാറുന്നതെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന് ചോദിച്ചു. പ്രതി നടത്തിയതു ദ്വയാര്‍ത്ഥപ്രയോഗം തന്നെയാണെന്നു പരാതിക്കാധാരമായ പരിപാടിയുടെ വീഡിയോ ദൃശ്യം പരിശോധിച്ച് കോടതി വിലയിരുത്തി.






