
തിരുവനന്തപുരം : ബോബി ചെമ്മണ്ണൂരിന് ജയിലില്‍ സഹായം നല്‍കിയതിന്റെ പേരില്‍ ജയില്‍ ഡിഐജി അജയകുമാറിനെതിരേ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. റിമാന്‍ഡില്‍ കഴിയുമ്പോള്‍ കാക്കനാട് ജയിലില്‍ വഴിവിട്ട് സഹായം നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് പാഞ്ഞെത്തിയെന്നും പറയുന്നു.
സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളള റിപ്പോര്‍ട്ട് സ്പെഷ്യല്‍ ബ്രാഞ്ച് സര്‍ക്കാരിന് നല്കി. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കി. നടി ഹണി റോസ് നല്കിയ ലൈംഗികാധിക്ഷേപ പരാതിയിലായിരുന്നു ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്തത്.
ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ 'പവര്‍ ബ്രോക്കറെ' ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും ഡിജിപി എറണാകുളം ജയിലില്‍ കണ്ടു. ഉദ്യോഗസ്ഥ തല യോഗത്തില്‍ ജയില്‍ മേധാവിയായ എഡിജിപി ശാസിക്കുകയും ചെയ്തു.. ജയില്‍ സൂപ്രണ്ടിന്റെ ക്വാര്‍ട്ടേഴ്സിലെ മദ്യപാന പരാതി അന്വേഷിക്കാന്‍ പോയതാണെന്നായിരുന്നു ഇതിന് നല്കിയ മറുപടി.
എന്നാല്‍, സ്വകാര്യ വാഹനത്തില്‍ സ്ത്രീകള്‍ക്കൊപ്പമാണോ കേസ് അന്വേഷണത്തിന് പോയതെന്ന് എഡിജിപി യോഗത്തില്‍ ചോദിച്ചു. യാത്ര ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ ടോയ്ലറ്റ് ഉപയോഗിക്കാന്‍ കയറിയതാണെന്നായിരുന്നു ഡിഐജി ഇതിന് നല്കിയ മറുപടി. തുടര്‍ന്ന് അസംബന്ധം വിളമ്പരുതെന്നും എല്ലാ തെളിവുകളും ഉണ്ടെന്നും ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു.






