
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്നു പുറത്തെടുത്ത ഗോപന്റെ മൃതദേഹം ആചാരാനുഷ്ഠാനങ്ങളോടെ സംസ്കരിച്ചു. പുതിയ കല്ലറ പണിതശേഷം സന്യാസിമാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചടങ്ങുകള്‍ക്കു ശേഷമായിരുന്നു സമാധിരൂപത്തില്‍ സംസ്കാരം. ചടങ്ങില്‍ ഗോപന്റെ രണ്ട് മക്കളും പങ്കെടുത്തു. ഗോപന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം വന്നശേഷമേ ദുരൂഹതകളില്‍ പോലീസ് തുടരനേ്വഷണം നടത്തൂ.
പൊളിച്ച കല്ലറയ്ക്കു പകരം പുതിയ കല്ലറ തീര്‍ത്തായിരുന്നു ചടങ്ങുകള്‍. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് നാമജപയാത്ര ആയാണു മൃതദേഹം വീട്ടിലേക്കു കൊണ്ടുവന്നത്. സംസ്കാരച്ചടങ്ങില്‍ വിഷ്ണുപുരം ചന്ദ്രശേഖരന് അടക്കമുള്ള ഹിന്ദു സംഘടന നേതാക്കളും പങ്കെടുത്തു. സമാധി വിഷയം വിവാദമായപ്പോള്‍ ഒരു വിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു ചോദിക്കുന്നുവെന്നു ഗോപന്റെ മകന് സനന്ദന്‍ പറഞ്ഞു. അനേ്വഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും സനന്ദന്‍ പറഞ്ഞു.
മരണത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു സമാധിയായെന്ന് മക്കള്‍ അവകാശപ്പെട്ട ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്ട്ടത്തിനയച്ചിരുന്നു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോ ഉണ്ടായിരുന്നില്ല. കല്ലറയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭസ്മവും പൂജാദ്രവ്യങ്ങളും കല്ലറയില്‍നിന്നു കണ്ടെത്തിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. ശ്വാസകോശത്തില്‍ ഭസ്മം കണ്ടെത്തിയാല്‍ പോലീസ് അനേ്വഷണവും കടുപ്പിക്കും.
നെയ്യാറ്റിന്‍കര ആറാലുമൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന് നടന്നുപോയി സമാധി ആയെന്നാണ് കുടുംബത്തിന്റെ വാദം. വീടിനു സമീപത്തായുള്ള സമാധി അറ ഗോപന് നിര്‍മ്മിച്ചതാണെന്നും രാവിലെ പിതാവ് അറയിലേക്കു നടന്നു പോയി പത്മാസനത്തില്‍ ഇരുന്ന് സമാധിയായെന്നുമാണ് മക്കളുടെ മൊഴി. എന്നാല്‍, ഗോപന് അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നാണ് ബന്ധു പോലീസിനു നല്‍കിയിരിക്കുന്ന മൊഴി. ഇതാണ് ഗോപന്റേത് സമാധിയാണോ അതോ കൊലപാതകമാണോയെന്ന സംശയം ഉയര്‍ത്തിയത്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം കല്ലറ തുറക്കുകയായിരുന്നു.






