
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടേക്കാന് സാധ്യത. സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരു വിഭാഗം നടത്തുന്ന പണിമുടക്കിനെ തുടര്‍ന്നാണ് ഈ ആശങ്ക. ഇടതുപക്ഷത്തെ പ്രബലരായ സിപിഐയുടെ സര്‍വീസ് സംഘടനയായ ജോയിന്റ് കൗണ്‍സിലും കോണ്‍ഗ്രസിന് കീഴിലുള്ള സര്‍വീസ് സംഘടനകളുടെയും നേതൃത്വത്തിലാണ് പണിമുടക്ക്.
ഇവര്‍ക്കൊപ്പം ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്. കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയും സിപിഐ അനുകൂല സംഘടയായ അദ്ധ്യാപക സര്‍വീസ് സംഘടന സമരസമിതിയുമാണ് പ്രധാനമായും പണി മുടക്കുന്നത്. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കണം എന്നതാണ് പ്രധാന ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും ഇവര്‍ പറയുന്നു. സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അനധികൃത അവധികള്‍ ഡയസ്നോണ്‍ ആയി കണക്കാക്കാനും തീരുമാനമായി. പണിമുടക്കുന്ന ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തില്‍ നിന്ന് കുറയ്ക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിനും പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ക്കും കാര്യമായ അംഗബലമുള്ള വിവിധ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സമരംമൂലം താളംതെറ്റിയേക്കാന് ഇടയുണ്ട്. സെക്രട്ടറിയേറ്റില്‍ ആയിരത്തിലേറെ ഉദ്യോഗസ്ഥര്‍ സമരത്തെ പിന്തുണയ്ക്കുമെന്നാണ് പണിമുടക്കില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ പ്രതീക്ഷ.






