
മലയാറ്റൂര്‍: രണ്ടു ദിവസമായി തെരയുന്ന മസ്തകത്തിന് പരിക്കേറ്റ കാട്ടാനയെ ഒടുവില്‍ കണ്ടെത്തി. ആനയെ കണ്ടെത്തിയത് വെറ്റിലപ്പാറ പൂഴയുടെ തീരത്തെ ഒറ്റപ്പെട്ട തുരുത്തില് നിന്നുമായിരുന്നു. മറ്റ് ആനകളുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റതാകാം എന്നാണ് നിഗമനം. ആനയെ പരിശോധിക്കാനും ചികിത്സ നല്കാനുമായി വയനാട്ടില്‍ നിന്നും ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശ്ശൂരിലെത്തിയിട്ടുണ്ട്. ആനയെ കണ്ടെത്താന്‍ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ച് തെരച്ചില്‍ നടത്തി വരികയായിരുന്നു.
ആനയെ കണ്ടെത്താന്‍ ബുധനാഴ്ച വൈകുന്നേരം മുതല്‍ തുടങ്ങിയ തെരച്ചില്‍ ഫലം കണ്ടെത്തിയത് ഇന്ന് പുലര്‍ച്ചെയോടെയാണ്. റിസര്‍വ് വനത്തിലേക്ക് കടന്നെന്ന നിഗമനത്തിലായിരുന്നു. ഒരാഴ്ച മുമ്പാണ് ആനയെ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ വനത്തിനുള്ളില്‍ കണ്ടെത്തിയത്. നിലവില്‍ വെറ്റിനറി ഡോക്ടമാരായ ഡേവിഡ് , മിഥുന് , ബിനോയ് എന്നിവര്‍ അടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് കാട്ടാന. ആനയുടെ മുറിവ് ഗുരുതരമല്ല എന്ന നിഗമനത്തിലാണ് നിലവില്‍ വനം വകുപ്പ്. മുറിവ് മസ്തകത്തിലായതിനെ തുടര്‍ന്നാണ് വിദഗ്ദ്ധര്‍ എത്തിയത്. അതിനിടയില്‍ മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ വനംവകുപ്പ് നിരീക്ഷിച്ച് വരികയാണ്.
ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. ആനയെ രക്ഷിക്കാന്‍ സഹായിച്ചവര്‍ക്ക് ഡിഎഫ്ഒ നന്ദി പറഞ്ഞു. ആന വീണ്ടും നാട്ടിലിറങ്ങാതിരിക്കാന്‍ വേണ്ട കാര്യം ചെയ്യുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും. 20 മണിക്കൂര്‍ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് ആനയെ കിണറിന് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്.






