
പാലക്കാട്: പുതിയ ജില്ലാ അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് പാലക്കാട് ബിജെപിയില്‍ പ്രതിസന്ധി. ചെയര്‍പേഴ്സനും, വൈസ് ചെയര്‍പേഴ്സനും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ രാജി സന്നദ്ധത അറിയിച്ച് നേതൃത്വത്തെ സമീപിച്ചേക്കും. കൂട്ടരാജിയുണ്ടായാല്‍ പാലക്കാട് നഗരസഭാ ഭരണം നഷ്ടമാകുമോയെന്ന ആശങ്ക പോലും ബിജെപിയില്‍ ഉണ്ടാകുന്നുണ്ട്.
ദേശീയ നേതൃത്വവുമായി ആലോചിച്ചാണ് ജില്ലാ അദ്ധ്യക്ഷന്മാരെ നിശ്ചയിച്ചത് എന്നും അതിനെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയിലുണ്ടാവില്ല എന്നും നേരത്തേ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിമതവിഭാഗത്തില്‍ നില്ക്കുന്നവര് പാര്‍ട്ടിവിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറിയേക്കുമെന്നും ഇതിനായുള്ള ചര്‍ച്ചകള്‍ നടന്നിരിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.
വിമതയോഗത്തില്‍ പങ്കെടുത്ത ഏഴ് മുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കൊപ്പം നാല് പേര് കൂടി രാജിവെക്കാന്‍ ഒരുങ്ങുന്നതായാണ് സൂചന. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്, സംസ്ഥാന ട്രഷറര്‍ അഡ്വ ഇ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവര്‍ രാജിക്ക് തയ്യാറായിരിക്കുകയാണെന്നും പ്രശാന്ത് ശിവനെ അധ്യക്ഷനായി പ്രഖ്യാപിച്ചാല്‍, ഉടന്‍ സംസ്ഥാന നേതൃത്വത്തിന് ഇവര്‍ രാജിക്കത്ത് കൈമാറും എന്നാണ് വിവരം.
ബിജെപിയിലെ പ്രതിസന്ധി മുതലെടുത്ത് വിമതരെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസും ശക്തമായി ശ്രമിക്കുന്നുണ്ട്. അതേസമയം ഇക്കാര്യത്തില്‍ സമവായത്തിന്റെ സാഹചര്യമില്ലെന്ന കടുത്ത നിലപാടിലാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വവും. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയവരെ മാറ്റിനിര്‍ത്തി എന്നാണ് വിമതര്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.






