
കൊച്ചി/തിരുവനന്തപുരം: വേനലിന്റെ തുടക്കത്തില്‍ത്തന്നെ കേരളം വറചട്ടിയിലേക്ക്. പകല്‍ താപനില കൂടുന്ന സാഹചര്യത്തില്‍ ഫെബ്രുവരിയോടെ അത്യുഷ്ണത്തിനു സാധ്യതയെന്നു മുന്നറിയിപ്പ്. 30-നുശേഷം രണ്ടോ മൂന്നോ ദിവസങ്ങളില്‍ വേനല്‍മഴയ്ക്കും സാധ്യതയുണ്ട്.
വേനല്‍മഴ പകല്ച്ചൂടിന് അല്‍പ്പം ശമനമുണ്ടാക്കുമെങ്കിലും അന്തരീക്ഷത്തിലെ ഇൗര്‍പ്പം കൂട്ടും. ഇത് ശരീരത്തില്‍ അനുഭവവേദ്യമാകുന്ന ചൂട് കൂട്ടുകയും ഉഷ്ണരോഗങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുമെന്നാണു മുന്നറിയിപ്പ്.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും അതിമര്ദമേഖലയുടെ സാന്നിധ്യമുള്ളതിനാല്‍ രൂപപ്പെടുന്ന കിഴക്കന്‍ ഉഷ്ണക്കാറ്റ് കേരളത്തിലേക്കു വീശിയടിക്കും. സമുദ്രതാപനിലയും 1-2 ഡിഗ്രി സെല്‍ഷ്യസ് ഉയര്ന്നുനില്ക്കുമെന്നു കുസാറ്റ് റഡാര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ.എസ്. അഭിലാഷ് ചൂണ്ടിക്കാട്ടി.
പുലര്‍ച്ചെ തണുപ്പനുഭവപ്പെടുന്ന ജനുവരിയില്പ്പോലും പകല്‍താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുകയാണ്. കണ്ണൂരും കോട്ടയവും ഉള്‍പ്പെടെ ചില ജില്ലകളില്‍ ചൂട് 37 ഡിഗ്രിയിലെത്തി. അതേസമയം, ഉത്തരേന്ത്യ അതിശൈത്യത്തിന്റെ പിടിയിലാണ്. പുലര്‍ച്ചെ തണുപ്പും പിന്നീട് സന്ധ്യവരെ കൊടുംചൂടും അനുഭവപ്പെടുന്നത് ആരോഗ്യരംഗത്തും ആശങ്കയുയര്‍ത്തുന്നു.
ദക്ഷിണേന്ത്യയില്‍നിന്ന് തുലാവര്‍ഷം ഇന്നലെയാണു പൂര്‍ണമായി പിന്‍വാങ്ങിയതെന്നു കേന്ദ്രകാലാവസ്ഥാവകുപ്പ് വ്യക്തമാക്കി. 30-നു പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ വേനല്‍മഴയുടെ യെലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെതന്നെ ഏറ്റവും കൂടിയ താപനിലയാണു കേരളത്തില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത്. കേന്ദ്രകാലാവസ്ഥാവിഭാഗത്തിന്റെ അറിയിപ്പുപ്രകാരം, കണ്ണൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ 24-ന് രേഖപ്പെടുത്തിയ 36.6 ഡിഗ്രി സെല്‍ഷ്യസ് രാജ്യത്തേറ്റവും ഉയര്‍ന്നതായിരുന്നു. കോട്ടയത്ത് അന്ന് 36.5 ഡിഗ്രിയായിരുന്നു ചൂട്.
മധ്യകേരളത്തില്‍ താപനില വര്‍ധിക്കുന്ന പ്രവണതയാണ് ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്നത്. അടുത്ത രണ്ടുദിവസം സംസ്ഥാനത്ത് ശരാശരി താപനില മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണു ദുരന്തനിവാരണവകുപ്പിന്റെ മുന്നറിയിപ്പ്.
സാധാരണയായി കേരളത്തില്‍ മാര്‍ച്ച് മുതലാണ് ചൂട് വര്‍ധിച്ചിരുന്നത്. മധ്യകേരളത്തില്‍ ജനുവരിയോടെ അല്‍പ്പം ചൂട് കൂടുന്നതു സ്വാഭാവികമാണ്. മാര്‍ച്ച്-ഏപ്രില്‍ ആകുന്നതോടെ പാലക്കാട് മേഖലയിലാകും കൊടുംചൂട് അനുഭവപ്പെടുക.






