
കോട്ടയം: പോലീസിനെ വെട്ടിച്ചു കടന്നു കളഞ്ഞ അസം സ്വദേശിയായ പ്രതി ഒടുവില്‍ കുടുങ്ങിയതു സേനയിലെ പായുംപുലി സി.പി.ഒ ശശികുമാറിന്റെ മുന്നില്‍. സ്ഥിരം മോഷ്ടാവായ പ്രതിയെ റെയില്‍വേ പോലീസ് അറസ്റ്റു ചെയ്ത ശേഷം സി.ജെ.എം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രക്ഷപെട്ട ഗില്‍ദാര്‍ ഹുസൈനാ ( 28 ) മികച്ച ഓട്ടക്കാരനായ പോലീസ് ഉദ്യോഗസ്ഥന് ശശികുമാറിന്റെ മിന്നല്‍ വേഗത്തിലുള്ള ഓട്ടത്തിനു മുന്നില്‍ കീഴടങ്ങിയത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണു ശില്ദാര്ഹുസൈനെ മോഷ്ടിച്ച മൊബൈല്‍ ഫോണും കഞ്ചാവുമായി റെയില്‍വേ പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കാനായി വിലങ്ങ് അഴിച്ചപ്പോഴേക്കും പ്രതി ഓടി രക്ഷപെട്ടു. കോടതി വളപ്പില്‍ നിന്നും ഓടിയ പ്രതി ആദ്യം പ്രധാന റോഡില്‍ എത്തി. ഇതേ സമയം തന്റെ മുന്നിലൂടെ ഒരാള്‍. ഓടിപ്പോകുന്നതു ശശികുമാര്‍ കണ്ടിരുന്നു.
പ്രതിയുടെ പിറകേ 60 മീറ്റര്‍ പിന്നിലായി മറ്റു പോലീസ് ഉദ്യോഗസ്ഥരും ഓടി വരുന്നതു കണ്ടപ്പോള്‍ സംഭവം എന്താണന്നു മനസിലായ ശശികുമാര്‍ പ്രതിക്കു പിറകേ കുതിച്ചു. 10 മിനിറ്റ് കൊണ്ട് പ്രതിക്ക് ഒപ്പം ശശികുമാര്‍ ഓടിയെത്തി. ശശികുമാറിനെ കണ്ട പ്രതി കലക്ടറേറ്റിന്റെ എതിര്‍വശത്തെ ഇടവഴിയിലേക്ക് അതിവേഗം ഓടി. ഈ റോഡ് അവസാനിച്ചതും പ്രതി സമീപത്തെ മൂന്നാള് താഴ്ചയുള്ള കുഴിയിലേക്ക് എടുത്തു ചാടി.
ഒപ്പം ചാടിയ ശശികുമാര്‍ പ്രതിയെ സാഹസികമായി പിടികൂടി. ഇതേ സമയം മറ്റു പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.മികച്ച അത്ലറ്റു കൂടിയായ ശശികുമാര്‍ 30 കിലോമീറ്റര്‍ മുതലുള്ള മാരത്തോണുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.
പോലീസ് ഫുട്ബോള്‍ ടീമിലെ സാന്നിധ്യവും മികച്ച നീന്തല്‍ താരവുമാണ്. പ്രളയകാലത്ത് കുമരകം സ്റ്റേഷനില്‍ സേവനം അനുഷ്ടിച്ചിരുന്നപ്പോള് കുത്തൊഴുക്കില്‍പ്പെട്ട മിണ്ടാപ്രാണികളെ സ്വന്തം ജീവന് പണയം വെച്ചു നീന്തി രക്ഷപെടുത്തിയിരുന്നു. 20 വര്‍ഷക്കാലമായി പോലീസില്‍ സേവനം അനുഷ്ടിക്കുന്ന ശശികുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും തല്പരനാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ സിന്ധുവാണു ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ഥി അമിത് ആരോമലും, രണ്ടാം ക്ലാസ് വിദ്യര്‍ഥി അമൃത് ഇഷാനുമാണു മക്കള്‍.






