
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാര്‍ നേരത്തെയും കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നതായി റിപ്പോര്‍ട്ട്. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും കാരണം പ്രതി മാറ്റി പറയുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. എന്നാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക.
കേസില്‍ നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. ചോദ്യം ചെയ്യലിനിടയില്‍ പോലീസുകാരോട് തട്ടിക്കയറിയ പ്രതി സ്റ്റേഷനില്‍ പൊലീസിനോട് നിസഹകരണം തുടരുകയാണ്. പൊലീസ് നല്കിയ ഭക്ഷണവും വെള്ളവും പ്രതി നിരസിച്ചു. കേസില്‍ മരണപ്പെട്ട കുഞ്ഞിന്റെ മൂത്തസഹോദരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് നോക്കുന്നുണ്ട്.
പ്രതി ഹരികുമാര്‍ കുട്ടികളെ മര്‍ദ്ദിച്ചിരുന്നുവെന്ന് അമ്മ ശ്രീതു മൊഴിനല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂത്ത കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. അമ്മ ശ്രീതുവിനെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യാനും പോലീസ് ഉദ്ദേശിക്കുന്നുണ്ട്. കൂട്ടിക്കൊണ്ട് പോകാന്‍ ആരും എത്താത്തതിനാല്‍ നിലവില്‍ ശ്രീതുവിനെ പൂജപ്പുര വനിതാ മന്ദിരത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടരും. എന്നാല്‍ കൊലപാതകത്തില്‍ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം പ്രതി പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തില്‍ പങ്കുള്ളൂവെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീതുവും സഹോദരനും തമ്മില്‍ നടത്തിയ ചാറ്റും വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.






