
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നിരവധി വർഷങ്ങളായി നടന്നു വരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് 2025-ലെ ബഡ്ജറ്റ് പ്രഖ്യാപനങ്ങള്‍. സാധാരണക്കാരടക്കം സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽപ്പെട്ട ജനങ്ങളുടെ ഉന്നമനവും സമൃദ്ധിയും ഉറപ്പാക്കുന്ന സമീപനമാണ് ബഡ്ജറ്റിലുള്ളതെന്നും മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖരന്.
വികസനത്തിനായി കഴിഞ്ഞ പത്ത് വർഷങ്ങളിൽ നടത്തിയ കഠിനാദ്ധ്വാനത്തിന്റെ ഫലം ഇന്ന് നികുതിയിളവുകളായും മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്നവർക്ക് കൂടുതൽ തുക ചെലവിടുന്നതിനു പര്യാപ്തമായ വരുമാനവുമായി ബഡ്ജറ്റിൽ പ്രതിഫലിക്കുന്നു. ആദ്യം പരിവർത്തനം, പിന്നാലെ പരിഷ്കരണം, തുടർന്ന് ആനുകൂല്യങ്ങളുടെ ഒഴുക്ക് അതാണ് ബഡ്ജറ്റ് 2025 നൽകുന്ന സൂചന.
പ്രധാനമന്ത്രി പത്ത് വർഷം കൊണ്ട് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സമൂലം പരിഷ്കരിക്കുകയും കോൺഗ്രസ് ഭരണകാലത്തെ നഷ്ടപ്പെട്ട ദശകത്തിൽ നിന്ന് അതിനെ പുനർനിർമ്മിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ മേഖലയിൽ ഉയർന്ന നിക്ഷേപം നടത്തുന്നതിനുള്ള പദ്ധതികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യമെമ്പാടും നടന്നു വരികയാണ്.
ഇന്ന് ബഡ്ജറ്റിലൂടെ അദ്ദേഹം ആ പരിവർത്തനത്തിൻ്റെയും വളർച്ചയുടെയും നേട്ടങ്ങൾ ഇന്ത്യയിലെ ജനങ്ങൾക്കു മുന്നിലെത്തിച്ചിരിക്കുന്നു. ബഡ്ജറ്റിലൂടെ രാജ്യത്തെ സാധാരണക്കാർക്കും കർഷകർക്കും യുവാക്കൾക്കും വനിതകൾക്കും ഇടത്തരക്കാർക്കും വേണ്ടി നിലകൊള്ളുന്നുവെന്ന സന്ദേശം ഒരിക്കൽക്കൂടി ആവർത്തിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും വ്യക്തമാക്കി.






