
കെഎസ്ആര്‍ടിസിയില്‍ ടി.ഡി.എഫിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ പണിമുടക്ക് തുടരുന്നു. ശമ്പള വിതരണം മാസാദ്യം നടത്തണമെന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു. സമരത്തെ തുടർന്ന് മധ്യകേരളത്തിലും മലബാറിലും ഏതാനും സർവീസുകൾ മുടങ്ങി. ഡയസ്നോൺ പ്രഖ്യാപിച്ചും താല്‍ക്കാലിക ജീവനക്കാരെ ജോലിക്കെത്തിച്ചും മാനേജ്മെന്റ് സമരത്തെ നേരിട്ടതോടെ ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യമായി മുടങ്ങിയില്ല.
ഇന്നലെ അർദ്ധരാത്രി 12 മണിമുതൽ ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളിൽ നൽകുക, 31 ശതമാനം ഡിഎ ഉടൻ അനുവദിക്കുക തുടങ്ങി 12 ആവശ്യങ്ങളുന്നയിച്ചാണ് സംസ്ഥാനത്ത് കോൺഗ്രസ് അനുകൂല യൂണിയനുകൾ സമരം തുടങ്ങിയത്. തിരുവനന്തപുരം തമ്പാനൂരിൽ സമരക്കാർ ബസ് തടഞ്ഞെങ്കിലും പോലീസ് പ്രതിഷേധക്കാരെ പിടിച്ചുമാറ്റി സർവീസ് സുഗമമാക്കി. നെടുമങ്ങാട് എടിഒ യെ ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രമാണ് മുടങ്ങിയത്. കോഴിക്കോട് കൂടുതല്‍ താത്കാലിക ജീവനക്കാരെ ഉപയോഗിച്ച് മുഴുവന്‍ സര്‍വീസുകളും നടത്തി. കാസര്‍ക്കോടും കണ്ണൂരും തടസം നേരിട്ടില്ല.അതേ സമയം മലപ്പുറത്തും വയനാട്ടിലും പാലക്കാട്ടും ചില സര്‍വീസുകള്‍ മുടങ്ങി.






