
കൊച്ചി : വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ചന്ദര്‍കുഞ്ജ് ഫ്ളാറ്റ് സമുച്ചയം പൊളിക്കാന്‍ കോടതി ഉത്തരവിട്ടെങ്കിലും തങ്ങള്‍ക്കു മതിയായ നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ അന്തിമതീര്പ്പുണ്ടായിട്ടില്ലെന്ന് ഫ്ളാറ്റിലെ താമസക്കാര്‍. ഇതേത്തുടര്‍ന്നു വീണ്ടും കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് ഫ്ളാറ്റുടമകളായ സൈനികര്‍. ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ച ശില്പ പ്രൊജക്ടസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രൊജക്ട് മാനേജ്മെന്റ് ആന്‍ഡ് കണ്‍സള്‍ട്ടന്‍സ് ആര്‍ക്കിടെക്ട്സ്, ചട്ടലംഘനം നടത്തി ഫ്ളാറ്റ് നിര്‍മിച്ച എ.ഡബ്ള്യൂ.എച്ച്.ഒ( ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് കോര്പറേഷന്) എന്നിവര്‍ക്കെതിരേ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സൈനികരെ കണ്ണില്‍ച്ചോരയില്ലാതെ വഞ്ചിക്കുകയായിരുന്നു എ.ഡബ്ള്യൂ.എച്ച്.ഒ. ചെയ്തത്. രാജ്യത്തെ സേവിച്ചതിനു കിട്ടിയ ഒരായുസിന്റെ സമ്പാദ്യമാണ് പൊലിഞ്ഞുപോയത്. വിരമിച്ച സൈനികരും അവരുടെ ആശ്രിതരുമാണ് ഫ്ളാറ്റില്‍ കഴിയുന്നവര്‍. ഇരട്ട ടവറില്‍ ബി, സി. എന്നിവയാണ് ബലക്ഷയംമൂലം തകരാറിലായത്. എ ടവറിന് കേടുപാടുകളില്ല. ഫ്ളാറ്റ് സമുച്ചയ നിര്‍മാണത്തില്‍ അടിമുടി പിഴവുകളാണ്.
എല്ലാ കെട്ടിട നിര്‍മാണ നിയമങ്ങളും ലംഘിച്ചാണ് ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് കോര്പറേഷന്(എ.ഡബ്ള്യൂ.എച്ച്.ഒ.) കെട്ടിട നിര്‍മാണം നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇക്കാര്യങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കലക്ടറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് ഫ്ളാറ്റ് പൊളിക്കല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കണമെന്നാണ് കോടതിയും പറഞ്ഞിട്ടുള്ളത്. നിലവില്‍ കെട്ടിടം പണിതിരിക്കുന്നത് റവന്യൂ വകുപ്പില്‍ നിലം എന്നു രേഖപ്പെടുത്തിയ ഭൂമിയിലാണ്.
കെട്ടിടം പണിയാന്‍ തുടങ്ങിയ 2013 കാലഘട്ടത്തില്‍ ഒരു നിര്‍മാണത്തിനും അനുമതി കിട്ടാത്ത സ്ഥലത്താണ് പണിതുയര്‍ത്തിയത്. സി.ആര്.ഇസഡ് മേഖലയിലുള്ള സ്ഥലത്ത് കെട്ടിടം പണിയാന്‍ അനുമതി കിട്ടിയതുപോലും ദുരൂഹമാണ്. വില്ലേജ്, മുനിസിപ്പാലിറ്റി, എന്നുവേണ്ട ഒരിടത്തുനിന്നുപോലും വേണ്ടത്ര അനുമതികള്‍ കിട്ടിയിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ ചൂണ്ടിക്കാട്ടി താമസക്കാര്‍ ചൂണ്ടിക്കാട്ടി. 15 വ്യവസ്ഥകള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ടൗണ്‍ പ്ളാനര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇവയിലൊന്നുപോലും പാലിക്കാതെയാണ് കെട്ടിടം പണിതത്.
ഈ ക്രമക്കേടൊന്നും ഫ്ളാറ്റില്‍ താമസിക്കുവാന്‍ എത്തുന്നതിനു മുന്നേ അറിവില്ലായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ ബി.സി. ടവറുകളാണ് പൊളിക്കേണ്ടത്. എ ടവറിന് കുഴപ്പമില്ല. താമസക്കാര്‍ ഓരോരുത്തരും ചുരുങ്ങിയത് 75 ലക്ഷം മുടക്കിയാണ് ഫ്ളാറ്റ് വാങ്ങിയത്. ഇന്റീരിയര്‍ പൂര്‍ത്തീകരിക്കാന്‍ പിന്നെയും ലക്ഷങ്ങള്‍ ചെലവിട്ടു. നിലവില്‍ താമസിക്കുന്ന 40 പേര്‍ക്കുമാത്രമേ ഫ്ളാറ്റ് പൊളിക്കുമ്പോള്‍ വാടക കിട്ടുകയുള്ളൂ.
അവശേഷിക്കുന്ന 240 ഓളം പേര്‍ക്ക് ഫ്ളാറ്റ് പൊളിക്കുമ്പോള്‍ പുതിയ ഫ്ളാറ്റ് പണിതുമാറുന്നതുവരെ വാടക ലഭിക്കുകയില്ല എന്നതും തിരിച്ചടിയായി. ആകെ 175 കോടി രൂപ എ.ഡബ്ള്യൂ.എച്ച്.ഒ. നഷ്ടം തരാമെന്നു പറയുന്നുണ്ടെങ്കിലും അത് നീതികരിക്കാന്‍ കഴിയുന്ന സംഖ്യയല്ലെന്നും മറ്റു കഷ്ടനഷ്ടങ്ങള്‍ കൂടി പരിഗണിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഫ്ളാറ്റ് പൊളിക്കാനും അവശിഷ്ടങ്ങള്‍ നീക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കുമൊക്കെയായി ആകെ കിട്ടുന്നത് 175 കോടിയാണെന്നും അതു മതിയാകുന്നതല്ലെന്നും ഇവര്‍ പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കോണ്‍ക്രീറ്റ് ചെയ്തത് ഉപ്പുവെള്ളത്തില്‍
ഉപ്പുവെള്ളത്തില്‍ കോണ്‍ക്രീറ്റ് ചെയ്തതാണ് കെട്ടിടം ദുര്‍ബലമാകാന്‍ കാരണം. കോണ്‍ക്രീറ്റ് പരിശോധിച്ചപ്പോള്‍ ക്ളോറിന്റെ സാന്നിധ്യം കണ്ടെത്തി. 2016 മുതല്‍ താമസം തുടങ്ങിയ ഫ്ളാറ്റില്‍ ആ വര്‍ഷത്തെ മണ്‍സൂണില്‍ മഴവെള്ളം കയറിയിരുന്നു. മഴവെള്ളം ബേസ്മെന്റില്‍ നിറയാന്‍ പാടില്ലാത്തവിധം ബൗണ്ടറി വാള് കെട്ടിയിരുന്നില്ല. . 11 പഠന റിപ്പോര്‍ട്ടുകളിലും കെട്ടിടത്തിന് അറ്റകുറ്റപ്പണി അസാധ്യമെന്ന് കണ്ടെത്തുകയുണ്ടായി.






