
ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഹാട്രിക്കെന്ന ആം ആദ്മി പാര്‍ട്ടിയുടെ മോഹങ്ങള്‍ എരിച്ച് ഡല്‍ഹി നിയമസഭയില്‍ ബി.ജെ.പി. അധികാരമേറുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. 27 വര്‍ഷത്തിനുശേഷം തലസ്ഥാനഭരണം ബി.ജെ.പി. പിടിക്കുമെന്ന് എട്ടോളം എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
രണ്ടെണ്ണം മുന്‍തൂക്കം നല്‍കുന്നത് ആം ആദ്മി ഭരണത്തുടര്‍ച്ചയ്ക്കാണ്. കോണ്‍ഗ്രസിന്റെ സ്ഥിതി പരിതാപകരമായിരിക്കുമെങ്കിലും 70 അംഗ നിയമസഭയില്‍ ഇത്തവണ പാര്‍ട്ടി പ്രതിനിധിയുണ്ടായിരിക്കുമെന്നു ബഹുഭൂരിപക്ഷം എക്സിറ്റ്പോളുകളും പറയുന്നു.
ആം ആദ്മി ഭരണം നിലനിര്‍ത്തിയ 2020-ലെ തെരഞ്ഞെടുപ്പില്‍ എക്സിറ്റ്പോള്‍ പ്രവചനങ്ങളെല്ലാം അമ്പേ പാളിയ ചരിത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 62 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി അധികാരമേറിയത്. എട്ടുസീറ്റ് ബി.ജെ.പി. നേടിയപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു.
58 ശതമാനത്തോളം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടെടുപ്പിന്റെ ഫലപ്രഖ്യാപനം ഈമാസം എട്ടിനു നടക്കും. വോട്ടെടുപ്പു നടന്ന ഇന്നലെ വൈകിട്ട് അഞ്ചുവരെ 57.7 ശതമാനമായിരുന്നു പോളിങ്. 66.68 ശതമാനം പേര് വോട്ട് ചെയ്ത മുസ്തഫാബാദ് എസി മണ്ഡലമാണ് അഞ്ചുവരെയുള്ള കണക്കില്‍ വോട്ടിങ് ശതമാനത്തില്‍ മുന്നില്‍. 47.4 ശതമാനംപേര്‍ മാത്രം വോട്ട് രേഖപ്പെടുത്തിയ കരോള്‍ ബാഗാണ് പിന്നില്‍.
പ്രവചനങ്ങള്‍ക്ക് അനുസൃതമായി ഡല്‍ഹിയില്‍ ഭരണത്തിലേറുമെന്നു ബി.ജെ.പി. കേന്ദ്രങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എക്സിറ്റ്പോള്‍ ഫലങ്ങള്‍ നിരാകരിച്ച ആം ആദ്മി പാര്‍ട്ടിയാകട്ടെ തലസ്ഥാനനഗരിയില്‍ ഹാട്രിക് തികയ്ക്കുമെന്ന വിശ്വാസം ആവര്‍ത്തിച്ചു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ബി.ജെ.പി. ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നഡ്ഡ, കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്, തുടങ്ങിയ പ്രമുഖര്‍ വോട്ട് രേഖപ്പെടുത്തി.






