
ഇംഫാല്‍: മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ അപ്രതീക്ഷിത രാജിയെ തുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന മണിപ്പൂരിലെ നിയമസഭാ സമ്മേളനം മാറ്റിവെച്ചു. ബീരേന്‍ സിങ്ങിന്റെ രാജിയ്ക്ക് പിന്നാലെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
മുഖ്യമന്ത്രി ബിരേന്‍ സിങിന്റെ രാജിക്ക് പിന്നാലെ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ് ബിജെപിയുടെ കേന്ദ്രനേതൃത്വം. നേരത്തേ ഡല്‍ഹിയില്‍ എത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു ബിരേന്‍ സിങ് രാജിക്കത്ത് നല്‍കിയത്. മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താന്‍ ബിജെപി നേതാവ് സംപീത് പാത്ര ഇംഫാലില്‍ തങ്ങുന്നുണ്ട്.
മണിപ്പൂര്‍ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസം കൊണ്ടുവരാനുള്ള നീക്കത്തിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസ്. കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് ബിരേന്‍ സിങിന്റെ രാജി. സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ വന്‍ പരാജയമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം. സ്പീക്കറും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കോണ്‍റാഡ്സിങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണപിന്‍വലിച്ചിരുന്നു. എന്നാല്‍, എന്‍പിപിയുടെ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎല്‍മാരാണ് എന്‍പിപിക്കുള്ളത്. 37 ബിജെപി എംഎല്‍എമാരുടെ പിന്തുണയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേന്‍ സിങ് സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ 12 ഓളം എം.എല്‍.എമാര്‍ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് നിര്‍ണായകമായിരുന്നു.
വിശ്വാസവോട്ടെടുപ്പിന്റെ സാഹചര്യത്തില്‍ ഈ എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയില്‍ പെടുമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൊടുന്നനേയുള്ള തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.






