
കൊച്ചി: പകുതിവിലയ്ക്ക് ഇരുചക്രവാഹനം വാഗ്ദാനംചെയ്തു തൊടുപുഴ സ്വദേശി അനന്തു കൃഷ്ണന് പണം തട്ടിയ സംഭവത്തില്‍ ഗുരുതര വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റ്. കേസുമായി ബന്ധപ്പെട്ട് ആദ്യഘട്ടത്തില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ അനന്തുവിനെ മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം സഹായിച്ചെന്നാണു ലാലി വിന്‍സന്റിന്റെ ആരോപണം. അനന്തു നവകേരള സദസിന് ഏഴുലക്ഷം രൂപ സംഭാവന നല്‍കിയെന്നും അവര്‍ ആരോപിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ടു കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണു ലാലി വിന്‍സെന്റ്. അവര്‍ക്കു 46 ലക്ഷം രൂപയോളം കൊടുത്തതായി അനന്തു മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഇത് അഭിഭാഷക ഫീസാണെന്നു ലാലി പറഞ്ഞു. നവകേരള സഭയ്ക്കുവേണ്ടി നല്കിയ ഏഴുലക്ഷം രൂപ പ്രിന്റര്‍ ഷോപ്പ് ഉടമയുടെ ഭാര്യയ്ക്കുള്ളതാണെന്നും അക്കൗണ്ടില്‍ കാണാമെന്നും അനന്തു കേസ് അന്വേഷിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടറോടു പറഞ്ഞിരുന്നെന്നും ലാലി വിന്‍സന്റ് പറഞ്ഞു.
' സത്യസായി ട്രസ്റ്റിന്റെ ആനന്ദകുമാര്‍ ഓരോ വാഹനം വാങ്ങാനും ഫെസിലിറ്റേഷന്‍ ഫീസ് എന്ന പേരില്‍ 2,000 മുതല്‍ 5,000 രൂപവരെ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്ന് അനന്തു പറഞ്ഞിരുന്നു. നിയമപരമായ കരാറില്ലാതെ ആര്‍ക്കും ഒരുരൂപപോലും കൊടുക്കരുതെന്നു ഞാന്‍ പറഞ്ഞു. ട്രസ്റ്റുമായി ധാരണയുണ്ടാക്കണമെന്നും പറഞ്ഞു. എന്നാല്‍, അനന്തു അതു ചെയ്തില്ല. ആനന്ദകുമാര്‍ അനന്തുവില്നിന്നു രണ്ടുകോടിയോളം വാങ്ങിയെന്ന് അക്കൗണ്ടന്റ് കണ്ടെത്തിയിട്ടുണ്ട്.
ടെക്നോപാര്‍ക്കിലെ പ്രോജക്ട് അനന്തു തയാറാക്കിയതാണ്. അനന്ദകുമാറിന്റെ കൂടെ ഉദ്യോഗസ്ഥരേയും സര്‍ക്കാര്‍ പ്രതിനിധികളേയും കാണാനും പ്രധാനമന്ത്രിയുടെ ഓഫീസിലേക്കു പോയതും അനന്തുവാണ്. ആനന്ദകുമാര്‍ രക്ഷപ്പെടാന്‍ പാടില്ല. ആനന്ദകുമാറിന്റെ ഭാഗത്തു തെറ്റുകളുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന കെ.എം. എബ്രഹാമിന്റെ ബന്ധു ബേബിയുടെ സംഘടനയ്ക്കു കോടികളുടെ ബിസിനസാണു ലഭിച്ചത്. കൊച്ചനിയന് എന്നു പേരുള്ള ജോണ്‍ മാര്‍ക്സിസ്റ്റുകാരനും ഇവരുടെ ട്രസ്റ്റിലെ അംഗവുമാണ്. എസ്.സി/ എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥനായ ജയന്, പ്രസാദ് എന്നിവരടക്കം ഒരുപാട് പേരുകള്‍ ഇതിലുണ്ട്.
ഒക്ടോബര്‍ മൂന്നിനാണു മൂവാറ്റുപുഴ സി.ഐ. അനന്തുവിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത്. അഞ്ചിന് അനന്തുവിനുവേണ്ടി സംസാരിക്കാന്‍ താന്‍ പോയി. അവിടുത്തെ എസ്.ഐയാണ് ആദ്യമായി അനന്തുവിന്റെ അക്കൗണ്ടിലെ ക്രമക്കേടുകളെക്കുറിച്ച് തന്നോടു പറയുന്നത്.
അതുകഴിഞ്ഞ് അനന്തുവിനോടു സംസാരിച്ചപ്പോഴും എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളോടു സംസാരിക്കട്ടെയെന്നാണു പറഞ്ഞത്. എന്‍.ജി.ഒ. കോണ്‍ഫഡറേഷന്റെ ആളുകളായ ബീനാ സെബാസ്റ്റിയനും അനന്തുവും ജോണും ബേബിയും കൂടെ തിരുവനന്തപുരത്തുപോയി. കെ.എം. എബ്രഹാമിനെക്കൊണ്ട് ഡി.ഐ.ജി. ഓഫീസില്‍ വിളിപ്പിച്ചാണ് അപ്പോയിന്റ്മെന്റ് എടുത്തത്. എന്നിട്ടാണു ഡി.ഐ.ജിയെ നേരില്‍ പോയി കണ്ടത്.'- ലാലി വിന്‍സെന്റ് പറഞ്ഞു.






