
തിരുവനന്തപുരം: വെള്ളറട കിളിയൂരില്‍ അച്ഛനെ മകന് കൊലപ്പെടുത്തിയ കേസിലും 'അന്ധവിശ്വാസം' വില്ലനായെന്നു സൂചന. ഏഴു വര്‍ഷത്തിലധികമായി മകന് പ്രജിനെ ഭയന്നാണു താനും ഭര്‍ത്താവ് ജോസും ജീവിച്ചിരുന്നതെന്ന് അമ്മ സുഷമകുമാരി വെളിപ്പെടുത്തിയിരുന്നു.
കൊച്ചിയില്‍ സിനിമാപഠനത്തിനു പോയിവന്ന ശേഷമാണു പ്രജിനു മാറ്റങ്ങള്‍ വന്നതെന്നും അമ്മ പറയുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ വിശദമായ അന്വേഷണം നടത്തും. ഓണ്‍ലൈന്‍ ബ്ലാക്മാജിക് സംഘങ്ങളെയാണു പ്രധാനമായും സംശയിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന നന്തന്‍കോട് കൂട്ടക്കൊലയ്ക്കു സമാനമായ എന്തെങ്കിലും ഇതിലുമുണ്ടോയെന്നും പരിശോധിക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് അച്ഛന് ജോസിനെ പ്രജിന് വെട്ടിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് വെള്ളറട പോലീസ് സ്റ്റേഷനിലെത്തി പ്രജിന് കീഴടങ്ങുകയായിരുന്നു. കുഞ്ഞുനാള് മുതല്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയിരുന്ന അച്ഛന് സ്വതന്ത്രമായി ജീവിക്കാന്‍ തന്നെ അനുവദിക്കാത്തതിനാലാണു കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനു മൊഴിനല്‍കി. ബ്ലാക് മാജിക്കിനെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞതിനു ശേഷമാണോ കൊലയെന്ന് പോലീസ് പരിശോധിക്കും. പ്രജിനെ വിശദമായി പോലീസ് ഇനിയും ചോദ്യം ചെയ്യും.
മകനെതിരേ ഗുരുതര ആരോപണമാണ് അമ്മ ഉയര്‍ത്തുന്നത്. മകന് മുറി പൂട്ടിയിട്ടേ പുറത്തിറങ്ങാറുള്ളുവെന്നും മുറിയിലേക്കു കയറാന്‍ തങ്ങളെ സമ്മതിക്കില്ലെന്നും അവര്‍ പറയുന്നു. ചില സമയങ്ങളില്‍ മുറിയില്‍നിന്ന് വൈബ്രേറ്റ് ചെയ്യുന്നതുപോലെ ശബ്ദം കേള്‍ക്കുമായിരുന്നു. ബ്ലാക് മാജിക്കാണെന്ന് ഇപ്പോഴാണറിഞ്ഞത്. മകന് ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ തന്നെയും മകളെയും കൊല്ലുമെന്ന് ഭയപ്പെടുന്നതായും അമ്മ പറയുന്നുണ്ട്. ആദ്യമകന്റെ മരണത്തിനുശേഷം പിറന്ന കുട്ടിയായതിനാല്‍ പ്രജിനെ ഏറെ ലാളിച്ചാണു വളര്‍ത്തിയത്.
ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതില്‍ പ്രജിന് അസ്വസ്ഥനായിരുന്നു. നിസ്സാര കാര്യങ്ങള്‍ക്കുപോലും പെട്ടെന്നു ക്ഷുഭിതനാകും. എന്നാല്‍ പെട്ടെന്നുതന്നെ ശാന്തനാകുകയും ചെയ്യും. ഇടയ്ക്ക് മനോരോഗചികിത്സ തേടിയിരുന്നു. വീടിനകത്തും പുറത്തും ആരോടും അധികം സംസാരിക്കാത്ത പ്രകൃതമാണു പ്രജിന്റേതെന്നും അമ്മ വ്യക്തമാക്കുന്നു.
ചൈനയിലെ വുഹാന്‍ യൂണിവേഴ്സിറ്റിയിലാണ് പ്രജിന് എം.ബി.ബി.എസിനു പഠിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാലത്ത് നാട്ടിലെത്തിയതോടെ ഓണ്‍ലൈന്‍ വഴിയായി പഠനം. ഒരു ഏജന്‍സിയെയാണ് ഫീസടയ്ക്കാന്‍ ഏല്‍പ്പിച്ചിരുന്നത്. പ്രജിന് പിന്നീട് പരീക്ഷയെഴുതിയെങ്കിലും ഫീസ് കൃത്യമായി അടച്ചില്ലെന്ന കാരണത്താല്‍ പ്രജിന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. മാസങ്ങള്‍ക്കു മുന്‍പ് പ്രജിന്റെ ആവശ്യപ്രകാരം ചലച്ചിത്ര കോഴ്സ് പഠിക്കാന്‍ ഒന്നര ലക്ഷത്തോളം രൂപയും അച്ഛന് നല്‍കിയിരുന്നു.






