
പ്രയാഗ്രാജ്: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ഭക്തര്‍ എത്തിയതോടെ പ്രയാഗ്രാജിലേക്കുള്ള വഴികളില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നത് നൂറുകണക്കിന് കിലോമീറ്ററുകളോളം. വന്‍ ഗതാഗതക്കുരുക്ക് കാരണം മഹാ കുംഭത്തിലേക്ക് പോകുന്ന ആയിരക്കണക്കിന് ഭക്തര്‍ ഹൈവേകളില്‍ കുടുങ്ങി. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ ക്യൂ 300 കിലോമീറ്റര്‍ വരെ നീളുമെന്ന് പലരും അഭിപ്രായപ്പെടുന്നു.
ഗതാഗതം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍, അയല്‍ സംസ്ഥാനമായ മധ്യപ്രദേശിലെ പല ജില്ലകളിലും പോലീസ് പ്രയാഗ്രാജിലേക്കുള്ള ഒരു റൂട്ടില്‍ വാഹന ഗതാഗതം നിര്‍ത്തി. 200-300 കിലോമീറ്റര്‍ ഗതാഗതക്കുരുക്ക് ഉള്ളതിനാല്‍ ഇന്ന് പ്രയാഗ്രാജിലേക്ക് പോകുക അസാധ്യമായ കാര്യമാണെന്ന് പോലീസ് ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ''വാഹനങ്ങള്‍ 48 മണിക്കൂറോളം കുടുങ്ങിക്കിടക്കുന്നതായി അവകാശപ്പെടുന്നു.
വെറും 50 കിലോമീറ്റര്‍ പിന്നിടാന്‍ ഏകദേശം 10-12 മണിക്കൂര്‍ എടുക്കും,'' ട്രാഫിക്കില്‍ കുടുങ്ങിയ ഒരാള്‍ പറഞ്ഞു. വാരണാസി, ലഖ്നൗ, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രയാഗ്രാജിലേക്ക് പോകുന്ന റൂട്ടുകളില്‍ 25 കിലോമീറ്റര്‍ വരെ ജാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മെഗാ കുംഭോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന നഗരത്തിനകത്ത് പോലും ഏഴ് കിലോമീറ്ററോളം ജാം അനുഭവപ്പെട്ടു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പ്രയാഗ്രാജ് സംഗമം റെയില്‍വേ സ്റ്റേഷന് അധികൃതര്‍ അടച്ചു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ പ്രയാഗ്രാജ് ജംഗ്ഷന് സ്റ്റേഷനില്‍ നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഏകദിശ ട്രാഫിക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മേള സൈറ്റിലെത്താന്‍ വാഹനങ്ങളുടെ എണ്ണം കൂടിയതാണ് കുരുക്കിന് കാരണമെന്ന് അഡീഷണല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ട്രാഫിക്) കുല്‍ദീപ് സിംഗ് പറഞ്ഞു. 'വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്. മഹാ കുംഭമേള പ്രദേശത്തേക്ക് പരമാവധി അടുത്ത് വരാനാണ് യാത്രക്കാര്‍ ശ്രമിക്കുന്നത്. ഇതുമൂലം നീണ്ട ജാം ഉണ്ട്,' അദ്ദേഹം പറഞ്ഞു.
പ്രയാഗ്രാജിലെ ഗതാഗതക്കുരുക്കില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വിമര്‍ശിച്ച സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഇത് നഗരത്തില്‍ അവശ്യവസ്തുക്കളുടെ ക്ഷാമത്തിനും കാരണമായെന്ന് അവകാശപ്പെട്ടു.






