
വടകരയിൽ ഒമ്പത് വയസുകാരിയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷെജിലിനെ കേരളാ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ വടകര പോലീസ് കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പേടി കൊണ്ടാണ് ഇത്രയും നാള് പോലീസിന് മുന്നില്‍ കീഴടങ്ങാതിരുന്നത് പ്രതി ഷെജിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒമ്പത് വയസുകാരി ദൃഷാനയെ കോമ സ്ഥിതിയിലാക്കുകയും മുത്തശ്ശിക്ക് ജീവൻ നഷ്ടമാവുകയും ചെയ്ത അപകടത്തിന് കാരണക്കാരനായ പ്രതി സംഭവം നടന്ന ഒരു വർഷത്തിന് ശേഷമാണ് പിടിയിലാവുന്നത്. ദുബായിൽ നിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതി പുറമേരി സ്വദേശി ഷെജീലിനെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദൃഷാനയെയും മുത്തശ്ശി ബേബിയെയും വടകര ചോറോട് വെച്ചാണ് ഇയാള്‍ ഇടിച്ചിട്ടത്. പ്രതി അപകടത്തിന് ശേഷം ഒരു മനസാക്ഷിയുമില്ലാതെ നിർത്താതെ പോവുകയും പിന്നീട് കാർ മതിലിൽ ഇടിച്ചെന്ന് വരുത്തി ഇൻഷുറൻസ് തുക തട്ടിയെടുത്തശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ കാറിന് രൂപ മാറ്റങ്ങളും വരുത്തിയിരുന്നു.






