
തിരുവനന്തപുരം: സില്‍വര്‍ ലൈനില്‍ കേരളവും കേന്ദ്രവും യോജിപ്പിനുള്ള സാധ്യത കുറയുന്നു. സമവായം ഉണ്ടാക്കാനായി കെ-റെയിലും റെയില്‍വേയുമായി നടന്ന ചര്‍ച്ചയില്‍ ഉണ്ടായ രൂക്ഷമായ തര്‍ക്കം ഇതിന്റെ സൂചനയാണ്. ഡിസംബര്‍ ആറിന് ദക്ഷിണ റെയില്‍വേ ചീഫ് അഡ്മിനിേ്രടറ്റീവ് ഓഫീസറും കെ-റെയില്‍ അധികൃതരും നടത്തിയ ചര്‍ച്ചയുടെ മിനിട്സില്‍ പ്രതിസന്ധിയുടെ ആഴം വ്യക്തമാണ്. റെയില്‍വെയുമായി ബന്ധിപ്പിച്ചു മാത്രമേ സില്‍വര്‍ ലൈന്‍ നടപ്പാക്കാവൂ എന്നാണ് റെയില്‍വെയുടെ നിലപാട്. എന്നാല്‍, ഇതു കേരളം അംഗീകരിക്കില്ല.
ഗേജ്, വേഗം എന്നിവ സംബന്ധിച്ചാണു യോഗത്തില്‍ രൂക്ഷമായ തര്‍ക്കമുണ്ടായത്. റെയില്‍ ലൈനില്‍ രണ്ടു പാളങ്ങള്‍ തമ്മില്‍ 1.435 മീറ്റര്‍ അകലമുള്ളതാണ് സ്റ്റാന്‍ഡേര്‍ഡ് ഗേജ്. ബ്രോഡ് ഗേജില്‍ പാളങ്ങള്‍ക്കിടയിലെ അകലം 1.676 മീറ്ററാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്റ്റാന്‍ഡേര്‍ഡ് ഗേജാണ് കേരളം വിഭാവനം ചെയ്തിരിക്കുന്നത്. റെയില്‍വേയുടെ ലൈനുകള്‍ ഭൂരിഭാഗവും ബ്രോഡ് ഗേജാണ്.
ബുള്ളറ്റ് ട്രെയിനുമാത്രമാണ് സ്റ്റാന്റേര്‍ഡ് ഗേജ് അനുവദിക്കുന്നതെന്നും അതിനാല്‍ ബ്രോഡ് ഗേജില്‍ തന്നെ വേണം പദ്ധതിയെന്നാണ് റെയില്‍വേയുടെ നിലപാട്. സ്റ്റാന്റേര്‍ഡ് ഗേജിലാകാമെന്ന് തത്വത്തില്‍ റെയില്‍വേ ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയതാണെന്നും ബ്രോഡ് ഗേജിലേക്ക് മാറാനാവില്ലെന്നും കെ-റെയില്‍ വ്യക്തമാക്കി. അനുമതി നല്‍കിയവര്‍ക്ക് തന്നെ അത് മാറ്റാനും കഴിയുമെന്നായിരുന്നു റെയില്‍വെയുടെ മറുപടി.
200 കിലോമീറ്റര്‍ വേഗത്തിലാണ് സില്‍വര്‍ ലൈന്‍ പദ്ധതി. 180 കിലോമീറ്റര്‍ പരമാവധി വേഗം മാത്രമേ അനുവദിക്കാനാവൂ എന്നും 160 കിലോമീറ്റര്‍ വേഗത്തില്‍ വന്ദേ ഭാരത്, ചരക്ക് ട്രെയിനുകള്‍ക്കും പോകാനാവുന്ന നിലയില്‍ വേഗതയും നിയന്ത്രിക്കണമെന്ന് റെയില്‍വെ ആവശ്യപ്പെട്ടു.
ഈ നിര്‍ദേശവും കെ-റെയില്‍ തള്ളി. സില്‍വര്‍ ലൈനിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ മാറ്റം സാധ്യമല്ലെന്നാണ് കെ-റെയില്‍ നിലപാട്. ഇത് വിശദീകരിച്ച് റെയില്‍വെ മന്ത്രാലയത്തിന് കത്തും അയച്ചു. റെയില്‍വെ ഭൂമിയാണ് പ്രശ്നമെങ്കില്‍ വേറെ ഭൂമി കണ്ടെത്താമെന്നും ആവശ്യമെങ്കില്‍ ഡിപിആറിലും മാറ്റം വരുത്താമെന്നുമാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. യോഗത്തിലെ നിലപാടും രേഖാമൂലം ഈ കത്തിലൂടെ റെയില്‍വേയെ കേരളം അറിയിച്ചു. ഈ സാഹചര്യത്തില്‍ റെയില്‍വേയുടെ നിലപാട് നിര്‍ണായകമായി മാറും.






