
ഇംഫാല്‍: സിആര്‍പിഎഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊന്ന് ജവാന് ജീവനൊടുക്കി. മണിപ്പൂരിലെ ക്യാമ്പില്‍ നടന്ന സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹവില്‍ദാര്‍ സഞ്ജയ്കുമാറാണ് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെച്ചത്. വെടിയേറ്റവര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എഫ്-120 സിഒവൈ സിആര്‍പിഎഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപില്‍ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്കായിരുന്നു സംഭവം. സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ സഞ്ജയ്കുമാര്‍ ജീവനൊടുക്കി. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. മുഖ്യമന്ത്രി ബീരേന്‍ സിംഗ് രാജിവെച്ചതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിക്കാതെ വന്നതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.






