
തിരുവനന്തപുരം: നഴ്സിംഗ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ ക്രൂരമായ റാഗിംഗ് സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്ജ് വ്യക്തമാക്കി. നടപടി സസ്പെന്‍ഷനില്‍ അവസാനിക്കില്ലെന്നും കേസില്‍ പരമാവധി നിയമനടപടികള്‍ സ്വീകരിക്കുമെന്നും റാഗിംഗ് അറിഞ്ഞില്ലെന്ന അധികൃതരുടെ വിശദീകരണം തൃപ്തികരമല്ലെന്നും പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.
മദ്യമടക്കം വാങ്ങാന്‍ പരാതിക്കാരനായ വിദ്യാര്‍ത്ഥിയോട് ചോദിച്ചപ്പോള്‍ പണം കൊടുക്കാതെ വന്നതാണ് കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. പിറന്നാളിന് ചെലവ് ചെയ്യാതിരുന്നതാണ് കാരണമെന്ന് പോലീസ് പറയുന്നത്. നിലവില്‍ കേസില്‍ അഞ്ച് പ്രതികള്‍ മാത്രമാണെന്നാണ് പൊലീസ് നിഗമനം. പുറത്തു വന്നിരിക്കുന്ന മനസാക്ഷിയെ ഞെട്ടിക്കുന്ന റാഗിംഗിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെയാണ് പകര്‍ത്തിയതും പുറത്തുവിട്ടതും. ദൃശ്യങ്ങളുടെ പരിശോധനയ്ക്കായി പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടും.
കോളേജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. ഇപ്പോഴത്തെ പരാതി പ്രകാരം ഇരയാക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥി കളുടേയും വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതികളുടെ ഫോണില്‍ മറ്റെന്തെങ്കിലും ദൃശ്യങ്ങളുണ്ടോയെന്ന് അറിയുന്നതിനായി മൊബൈല്‍ ഫോണുകള്‍ ശാസ്ത്രിയ പരിശോധനയ്ക്ക് അയച്ചു. നിലവില്‍ റിമാന്റിലുള്ള പ്രതികളെ പൊലീസ് ഉടന്‍ കസ്റ്റിയില്‍ വാങ്ങില്ല. വിശദമായി അന്വേഷണത്തിന് ശേഷമായിരിക്കും കസ്റ്റഡി അപേക്ഷ നല്‍കുന്നത്.






