
ചാലക്കുടി: ഫെഡറല്‍ ബാങ്ക് പോട്ട ബ്രാഞ്ചില്‍ കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ റിജോ ആന്റണിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ചാലക്കുടി പോലീസ് സ്റ്റേഷനിലെ ചോദ്യംചെയ്യലിനു ശേഷമായിരുന്നു തെളിവെടുപ്പ്.
പോട്ട ആശാരിപാറയിലുള്ള പ്രതിയുടെ വീട്ടിലേക്കാണ് ആദ്യം പോയത്. വീട്ടില്‍ സൂക്ഷിച്ച 12 ലക്ഷം രൂപയും കൃത്യത്തിന് ഉപയോഗിച്ച കത്തിയും പ്രതി പോലീസിനെടുത്തു കൊടുത്തു. തുടര്‍ന്ന് പണം കടം വാങ്ങിയെന്ന പറയുന്ന അന്നനാടുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയി.
സുഹൃത്തില്‍നിന്നും 2.90 ലക്ഷം രൂപ കടം വാങ്ങിയെന്നാണ് പറയുന്നത്. ബാങ്കിലെ കവര്‍ച്ചക്ക് ശേഷം ഈ തുക സുഹൃത്തിന്റെ വീട്ടിലെത്തി തിരിച്ചു നല്കി. പോട്ടയിലെ ഫെഡറല്‍ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. കൗണ്ടര്‍ തകര്‍ത്തതും പണം കവര്ന്നതുമടക്കമുള്ള എല്ലാ കാര്യങ്ങളും പ്രതി വിവരിച്ചു. പ്രതിയെ കൊണ്ടുവരുന്നതറിഞ്ഞ് വലിയ ജനക്കൂട്ടമാണ് വിവിധ സ്ഥലങ്ങളില്‍ തടിച്ചുകൂടിയത്.
വന്‍ പോലീസ് സുരക്ഷയോടെ വിലങ്ങണിയിച്ചാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. പോലീസ് സ്റ്റേഷനില്‍വച്ച് കുറ്റസമ്മതം നടത്തുന്നതിനിടെ പ്രതി പലവട്ടം പൊട്ടിക്കരഞ്ഞു. ബാങ്ക് മാനേജര്‍ മണ്ടനാണെന്നും കത്തി കാണിച്ചപ്പോള്‍ ഓടിമാറിയെന്നും റിജോ പറഞ്ഞു. ആരെങ്കിലും പ്രതിരോധിച്ചിരുന്നെങ്കില്‍ കവര്‍ച്ച നടത്താതെ തിരികെ പോകുമായിരുന്നെന്നും പ്രതി പറഞ്ഞു.
വിദേശത്തുള്ള ഭാര്യ എല്ലാ മാസവും പണം അയച്ചുനല്‍കുമായിരുന്നു. ഈ പണം മുഴവന്‍ ധൂര്‍ത്തടിച്ചു. അവധിക്ക് ഭാര്യ നാട്ടിലെത്തും മുമ്പ് പണം സ്വരൂപിക്കാനായാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതി ആവര്‍ത്തിച്ച് പറഞ്ഞത്. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും.






