
ചെന്നൈ: ഈ വര്‍ഷം പാര്‍ലമെന്റിലും അടുത്തവര്‍ഷം നിയമസഭയിലും തന്റെ പാര്‍ട്ടിക്കാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുമെന്ന് തമിഴ്നടനും രാഷ്ട്രീയക്കാരനുമായ കമല്ഹാസന്. 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാന്‍ അദ്ദേഹം തന്റെ അനുയായികളോട് അഭ്യര്‍ത്ഥിച്ചു. അവരുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മക്കള്‍ നീതി മയ്യം (എംഎന്‍എം) പാര്‍ട്ടിയുടെ എട്ടാം സ്ഥാപക ദിനത്തില്‍ വെള്ളിയാഴ്ച ചെന്നൈയില്‍ പാര്‍ട്ടി കേഡര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. ഈ നാഴികക്കല്ല് അടയാളപ്പെടുത്തി കമല്ഹാസന് ചെന്നൈയിലെ എംഎന്‍എം ആസ്ഥാനത്ത് പാര്‍ട്ടി പതാക ഉയര്‍ത്തി. തന്റെ പ്രസംഗത്തില്‍, തമിഴര്‍ നേരിടുന്ന വെല്ലുവിളികള്‍, പ്രത്യേകിച്ച് അവരുടെ ഭാഷ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെക്കുറിച്ചും പറഞ്ഞു.
ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിന് എതിരെ തമിഴ്നാട് നടത്തിയ ചരിത്രപരമായ പോരാട്ടത്തെ പരാമര്‍ശിച്ചു കൊണ്ടാണ് ഭാഷാപ്രശ്നങ്ങളെ നിസ്സാരമായി കാണരുതെന്ന് പറഞ്ഞു. ‘‘ഒരു ഭാഷയ്ക്കുവേണ്ടി തമിഴര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. അവയില്‍ കളിക്കരുത്. തമിഴര്‍ക്ക്, കുട്ടികള്‍ക്ക് പോലും, അവര്‍ക്ക് എന്ത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. അവര്‍ക്ക് ഏത് ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവര്‍ക്കുണ്ട്.’’ ഭാഷാപരമായ സ്വയംഭരണത്തിന് വേണ്ടിയുള്ള ദീര്‍ഘകാല വികാരത്തെ പരാമര്‍ശിച്ച് കമല്ഹാസന് പറഞ്ഞു.
'പരാജയപ്പെട്ട രാഷ്ട്രീയക്കാരന്' എന്ന് വിമര്‍ശകര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചുകൊണ്ട് തന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള വിമര്‍ശനവും അദ്ദേഹം അംഗീകരിച്ചു. വളരെ വൈകിയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അതുകൊണ്ട് തനിക്ക് ഏറെ നഷ്ടമുണ്ടായെന്നും 20 വര്‍ഷം മുമ്പ് വന്നിരുന്നെങ്കില്‍ എന്റെ സംസാരവും നിലപാടും മറ്റൊന്നാകുമായിരുന്നെന്നും പറഞ്ഞു.






