
പാലാ: ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരമാര്‍ശവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ഈരാറ്റുപേട്ട യൂത്ത് ലീഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ശനിയാഴ്ച വീട്ടില്‍ എത്തിയിരുന്നെങ്കിലും പി.സി. ജോര്‍ജ്ജ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഈരാറ്റുപേട്ട സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറയുകയും ചെയ്തിരുന്നു.
ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് ബിജെപി നേതാവ് സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് പി സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനാണ് നീക്കം. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു.
ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയും ജാമ്യം നിഷേധിക്കുകയായിരുന്നു. മുമ്പ് നടത്തിയ പരാമര്‍ശങ്ങളും ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നു.
മതവിദ്വേഷ പരാമര്‍ശം ആവര്‍ത്തികരുതെന്ന കര്‍ശന ഉപാധിയോടെയാണ് സമാനസ്വഭാവമുള്ള മുന്‍ കേസുകളില്‍ ജാമ്യം അനുവദിച്ചതെന്നും അത് ലംഘിച്ചതടക്കം കണക്കിലെടുത്താണ് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും കോടതി പറഞ്ഞിരുന്നു.






