
വെഞ്ഞാറമൂട്(തിരുവനന്തപുരം): ഇന്നലെ വൈകുന്നേരം ആറരയ്ക്ക് ശേഷം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ നടന്നതെല്ലാം സിനിമയെ വെല്ലും സംഭവങ്ങള്‍. സ്റ്റേഷനിലേക്ക് ഒരു യുവാവ് എത്തുന്നു. തന്റെ പേര് അഫാന് എന്നാണെന്ന് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോട് പറഞ്ഞ യുവാവ് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്ന് അറിയിച്ചു. കൊലനടത്തിയ സ്ഥലങ്ങളും ആ യുവാവ് പോലീസിനെ ധരിപ്പിച്ചു. മൂന്നും വിവിധ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്ഥലങ്ങളെന്ന് പോലീസുകാര്‍ തിരിച്ചറിഞ്ഞു.
ഉറ്റ ബന്ധുക്കളായ ആറ് പേരെയാണ് കൊന്നതെന്നും ഇയാള്‍ പറഞ്ഞു. പേരുമലയില്‍ മൂന്നുപേരെയും ചുള്ളാളത്ത് രണ്ടുപേരെയും പാങ്ങോട് ഒരാളെയുമാണ് കൊന്നതെന്നും അവരുടെ മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് താന്‍ വന്നതെന്നുമാണ് മൊഴി കൊടുത്തത്. മാതാവ്, മുത്തശി, തന്റെ പെണ്‍സുഹൃത്തിനെയും അവരുടെ മാതാപിതാക്കളെയും കൊന്നുവെന്ന് ഇയാള്‍ പറഞ്ഞതിന് പിന്നാലെ പോലീസ് സ്റ്റേഷന് ഗൗരവം മനസിലായി. ഉടന്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയെ വിവരമറിയിച്ചു. ഡിവൈ.എസ്.പി. പാഞ്ഞെത്തി.
തുടര്‍ന്ന് മറ്റ് രണ്ട് പോലീസ് സ്റ്റേഷന് പരിധിയിലേക്കും സന്ദേശങ്ങള്‍ പാഞ്ഞു. വെഞ്ഞാറമൂട് സ്റ്റേഷനില്‍നിന്നും അഫാന്റെ വീട്ടിലേക്കും സംഘം പോയി. ഇതോടെ അഫാന് പറഞ്ഞ വിവരങ്ങള്‍ സത്യമാണെന്നു വ്യക്തമായി. പേരുമലയില്‍ മൂന്നുപേരുടെ കൊലപാതകം നടന്നുവെന്നാണ് അഫാന് പറഞ്ഞത്. എന്നാല്‍ ഇവിടെ രണ്ടുപേരെ കൊല്ലപ്പെട്ട നിലയിലും ഒരാളെ ഗുരുതരാവസ്ഥയിലും പോലീസ് കണ്ടെത്തി. ഗുരുതരാവസ്ഥയിലുള്ളത് അഫാന്റെ മാതാവ് ഷെമിയാണെന്നും മനസിലാക്കി.
സ്വന്തം വീട്ടിലെ അവസാന കൊലപാതകത്തിന് ശേഷം പ്രതി ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. ഇക്കാര്യവും പോലീസിനോട് അഫാന് പറഞ്ഞിരുന്നു. അതുകൊണ്ട് ആ വീട്ടില്‍ മറ്റൊരു ദുരന്തമുണ്ടാകാതെ കരുതല്‍ എടുത്തായിരുന്നു പോലീസ് പരിശോധന. കൂട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
സഹോദരനെയും കൊലപ്പെടുത്തുന്നതിന് മുമ്പ് പ്രതി 14 വയസുകാരനായ അഹസാന് ഭക്ഷണം വാങ്ങി നല്‍കിയതായി നാട്ടുകാര്‍. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്.






